റഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടി

'മോഷണം പോയ' രേഖകള്‍ പരിശോധിക്കാന്‍ സുപ്രിംകോടതി അനുമതി

Update: 2019-04-10 05:54 GMT

ന്യൂഡല്‍ഹി: റഫേല്‍ വിമാന ഇടപാട് കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയില്‍ വന്‍ തിരിച്ചടി. വിശേഷാധികാരമുള്ളതെന്നും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു മോഷണംപോയതെന്നും വാദിച്ച് പരിശോധിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയ സുപ്രിംകോടതി തള്ളി പുതുതായി ഹാജരാക്കാമെന്നു പറഞ്ഞ രേഖകള്‍ പുനപരിശോധനാ ഹരജികള്‍ക്കൊപ്പം പരിഗണിക്കുമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ കെ എം ജോസഫ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. റഫേല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സുപ്രിംകോടതി വിധിക്കെതിരേ അഭിഭാഷകരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, മനോഹര്‍ ലാല്‍ ശര്‍മ്മ, സഞ്ജയ് സിങ് എന്നിവരാണ് പുനപരിശോധന ഹരജി നല്‍കിയത്.
    ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ ഹരജി കേള്‍ക്കവെയാണ് പുതിയ രേഖകള്‍ ഹരജിക്കാര്‍ കോടതിക്കു കൈമാറിയത്. എന്നാല്‍, ഇവ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണെന്നും പരിശോധിക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചത്. മാത്രമല്ല, സവിശേഷ പ്രാധാന്യമുള്ള രേഖകള്‍ പ്രസിദ്ധീകരിച്ച ദി ഹിന്ദു ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു. വെളിപ്പെടുത്തല്‍ വിവാദമായതോടെ പ്രതിരോധമന്ത്രാലയത്തില്‍ നിന്നു ചോര്‍ത്തിയ രേഖകളുടെ പകര്‍പ്പുകളാണ് ഹര്‍ജിക്കാര്‍ ഉപയോഗിക്കുന്നതെന്നു പറഞ്ഞ് എജി മലക്കം മറിഞ്ഞിരുന്നു. സുപ്രിംകോടതി ഇടപെടലിലൂടെ 'ദി ഹിന്ദു' പ്രസിദ്ധീകരിച്ച മൂന്നുരേഖകള്‍ കോടതി തെളിവായി പരിഗണിക്കും. പുന പരിശോധനാ ഹരജികളില്‍ വാദം കേള്‍ക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.




Tags: