തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച സംഭവം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

ഇയാള്‍ ചികില്‍സയില്‍ കഴിയുന്ന സ്വകാര്യാശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലിസ് കസ്റ്റഡിയില്‍ ശ്രീറാം ആശുപത്രിയില്‍ തുടരുമെന്നാണ് വിവരം. ശ്രീറാമിനെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്.

Update: 2019-08-03 12:23 GMT

തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗതയിലോടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിനെ പോലിസ് അറസ്റ്റുചെയ്തു. ഇയാള്‍ ചികില്‍സയില്‍ കഴിയുന്ന സ്വകാര്യാശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലിസ് കസ്റ്റഡിയില്‍ ശ്രീറാം ആശുപത്രിയില്‍ തുടരുമെന്നാണ് വിവരം. ശ്രീറാമിനെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്. ജീവപര്യന്തമോ 10 വര്‍ഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ശ്രീറാം വെങ്കിട്ടരാമനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ശ്രീറാമിനെതിരായ റിമാന്‍ഡ് റിപോര്‍ട്ട് പോലിസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ബൈക്കിലിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും യൂനിറ്റ് മേധാവിയുമായ കെ മുഹമ്മദ് ബഷീറാണ് മരിച്ചത്. അതിനിടെ, ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന പ്രധാന സാക്ഷിയായ വഫ ഫിറോസിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് വഫ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയതായാണ് വിവരം. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍വച്ച് വൈകീട്ടുവരെ ചോദ്യംചെയ്ത ശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോയത്. അപകടം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പോലിസ് യുവതിയെ ഊബര്‍ ടാക്‌സി വിളിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു.  

Tags:    

Similar News