ബഹുഭാര്യാത്വം, നിക്കാഹ് ഹലാല ഹരജി സുപ്രിംകോടതി ജനുവരിയില്‍ പരിഗണിക്കും

ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ് നല്‍കിയ ഹരജിയാണ് അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കിയത്‌

Update: 2019-12-02 12:01 GMT

ന്യൂഡല്‍ഹി: ബഹുഭാര്യാത്വത്തിനും നിക്കാഹ് ഹലാലയ്ക്കും എതിരേ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ശീതകാല അവധി കഴിഞ്ഞ് ജനുവരിയിലാവും ഹര്‍ജി പരിഗണിക്കുക. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ് നല്‍കിയ ഹര്‍ജിയാണ് അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ഇന്ത്യന്‍ ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങള്‍ പ്രകാരം ശരിഅത്ത് നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ബഹുഭാര്യാത്വം ഇന്ത്യന്‍ ഭരണഘടന വിലക്കിയതാണെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു. അതിനാല്‍ ശരിഅത്ത് നിയമപ്രകാരം നിയമവിധേയമായ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എല്ലാ ചട്ടങ്ങളും രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും ബാധകമാക്കണും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് കൈമാറ്റം, എന്നിവയടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാനുള്ള ശരി അത്ത് കോടതികള്‍ നിയമവിരുദ്ധമാക്കണമെന്നും, ഇത്തരം കോടതികള്‍ നടത്തുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും എതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുസ്‌ലിംകള്‍ക്ക് മാത്രമായി വ്യക്തിഗത നിയമങ്ങള്‍ പാടില്ലെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചിട്ടും സര്‍ക്കാര്‍ ഇതിനെ ഒരു ക്രിമിനല്‍ കുറ്റമാക്കി മാറ്റാനുള്ള നടപടികളെടുത്തില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

മുസ്‌ലിം പുരുഷന് ചില ഉപാധികളോടെ നാലു വരെ  വിവാഹം കഴിക്കാം എന്നതാണ് ബഹുഭാര്യാത്വം അനുവദിച്ചുകൊണ്ട് ശരിഅത്ത് നിയമം പറയുന്നത്. മൂന്നു തവണ ത്വലാഖ് (വിവാഹ മോചനം) ചെയ്യപ്പെട്ട സ്ത്രീയെ അവരുടെ ഭര്‍ത്താവിന് തന്നെ വിവാഹം കഴിക്കണമെങ്കില്‍ മറ്റൊരു ആള്‍ അവരെ വിവാഹം ചെയ്ത് വിവാഹ മോചനം നടത്തണമെന്നതാണ് നിക്കാഹ് ഹലാലയിലെ ചട്ടം.

Tags:    

Similar News