യുഎപിഎ ഭേദഗതി ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതായി ഹര്‍ജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടിസ്

'ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), 19 (അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും) 21 (ജീവിക്കാനുള്ള അവകാശം) എന്നിവ പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് യുഎപിഎ,' ഹരജിയില്‍ പറയുന്നു.

Update: 2019-09-07 09:42 GMT

ന്യൂഡല്‍ഹി: ഒരു വ്യക്തിയെ തീവ്രവാദിയായി മുദ്രകുത്താന്‍ കേന്ദ്രത്തിന് അമിതാധികാരം നല്‍കുന്ന യുഎപിഎ നിയമത്തിലെ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി സുപ്രീം കോടതി നോട്ടിസ് അയച്ചു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (യുഎപിഎ) ഭേദഗതി പ്രകാരം ഏതെങ്കിലും വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ കേന്ദ്രത്തിന് അനുമതി നല്‍കുന്നുണ്ട്. ഇത് ഭരണഘടനാ തത്വങ്ങളുടെ ആര്‍ട്ടിക്കിള്‍ 14 ന് വിരുദ്ധമാണെന്നും കേന്ദ്രത്തിന് അമിതാധികാരം നല്‍കുന്നതാണെന്നും ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. പൗരന്മാരുടെ വിയോജിപ്പിനും മൗലികാവകാശങ്ങള്‍ക്കും നിയമം പരോക്ഷമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് അഭിഭാഷകന്‍ ഫൗസിയ ഷെക്കീല്‍ വാദിച്ചു.

ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള മൗലികാവകാശമായ വ്യക്തിയുടെ അന്തസ്സ്, അഭിമാനം എന്നിവയ്ക്കുള്ള അവകാശത്തെ യുഎപിഎ ഭേദഗതി ലംഘിക്കുന്നതായി നിവേദനം അവകാശപ്പെടുന്നു.

'നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കാതെ ഒരു വ്യക്തിയെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് വ്യക്തിയുടെ അഭിമാനത്തിനും അന്തസ്സിനുമുള്ള അവകാശത്തെ ലംഘിക്കുന്നതാണ്. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്'. ഹരജിയില്‍ പറയുന്നു.

ഹരജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രത്തില്‍ നിന്ന് പ്രതികരണം തേടി. ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ദില്ലി സ്വദേശിയായ സജല്‍ അവസ്തി സമര്‍പ്പിച്ച മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 'ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), 19 (അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും) 21 (ജീവിക്കാനുള്ള അവകാശം) എന്നിവ പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് യുഎപിഎ,' ഹരജിയില്‍ പറയുന്നു.

നേരത്തെ, യുഎപിഎ 1967 പ്രകാരം സംഘടനയെ മാത്രമേ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്നുള്ളൂവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാഡെ വാദിച്ചു.

'ഒരാള്‍ ഭീകരവാദിയായി പ്രഖ്യാപിക്കപ്പെട്ടാല്‍ പിന്നെ കുറ്റവിമുക്തനായാലും ആജീവനാന്ത കളങ്കം നേരിടുന്നു. ഇത് വ്യക്തിയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നു,' ഹരജിയില്‍ അവകാശപ്പെട്ടു. സര്‍ക്കാരിന്റെ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെ തീവ്രവാദിയായി മുദ്രകുത്തുന്നത് ഏകപക്ഷീയവും അമിതാധികാര പ്രയോഗവുമാണ്. യുഎപിഎ ഭേദഗതി പ്രകാരം ഭീകരവാദിയാണെന്ന് മുദ്രകുത്തപ്പെട്ട വ്യക്തിക്ക് യാതൊരു നിയമ പരിരക്ഷയും നല്‍കുന്നില്ലെന്നും ഹരജിക്കാര്‍ വാദിച്ചു.

Tags:    

Similar News