അടിയന്തരമായി വിശ്വാസ വോട്ടെടുപ്പില്ല; കേസ് നാളെ വീണ്ടും പരിഗണിക്കും
വിശ്വാസം തെളിയിക്കാന്‍ മൂന്ന് ദിവസം സമയം വേണമെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
ന്യൂഡല്‍ഹി: ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിൽ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നതിന് പകരം നാളെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി ഹരജിക്കാരോട് ആവശ്യപ്പെട്ടു. വിശ്വാസം തെളിയിക്കാന്‍ മൂന്ന് ദിവസം സമയം വേണമെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
ശിവസേനയ്ക്കുവേണ്ടി കപില്‍ സിബലാണ് ആദ്യം വാദം ആരംഭിച്ചത്. ഗവര്‍ണര്‍ മറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ഭരണം പിൻവലിച്ചതിന്‍റെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയപ്പോൾ അത് കോടതിക്ക് മുന്നിലുള്ള വിഷയം അല്ലെന്ന പ്രതികരണമാണ് കോടതിയിൽ നിന്ന് ഉണ്ടായത്. ഗവര്‍ണറുടെ നടപടി വഞ്ചനാപരവും നിയമവിരുദ്ധവും പക്ഷപാതപരവുമാണ് എന്ന് സിബൽ പറഞ്ഞു. എന്നാൽ ഇതല്ലല്ലോ വിഷയമെന്ന് ജസ്റ്റിസ് എൻവി രമണ ചോദിച്ചു. ഇന്ന് തന്നെ ഭൂരിപക്ഷം തെളിയിക്കാൻ നിര്‍ദ്ദേശിക്കണമെന്ന ആവശ്യം കര്‍ണാടക വിധി കൂടി ചൂണ്ടിക്കാട്ടി കപിൽ സിബൽ ആവശ്യപ്പെട്ടു.
ബിജെപി എംഎൽഎമാര്‍ക്കും ചില സ്വതന്ത്ര എംഎൽഎമാര്‍ക്കും വേണ്ടിയാണ് വാദമെന്നാണ് മുകുൾ റോത്തഗി സുപ്രിംകോടതിയിൽ പറഞ്ഞത്. അടിയന്തരമായി ഞായറാഴ്ച കേസ് പരിഗണിക്കുന്നതെന്തിനാണെന്ന റോത്തഗിയുടെ ചോദ്യത്തിന് അത് ചീഫ് ജസ്റ്റിസിന്റെ വിവേചനമാണെന്ന മറുപടിയാണ് കോടതി നൽകിയത്. പറയുന്നതെല്ലാം സാങ്കേതിക കാര്യങ്ങൾ മാത്രമാണല്ലോ എന്നും ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും അഭിഭാഷകരോട് കോടതി ചോദിച്ചു.
പിന്തുണ കത്ത് പോലും ഗവര്‍ണര്‍ പരിശോധിച്ചില്ലെന്ന് എൻസിപിക്കും കോൺഗ്രസിനും വേണ്ടി മനു അഭിഷേക് സിംഗ്‍വി പറഞ്ഞു. അജിത് പവാറിന് എൻസിപിയുടെ പിന്തുണയില്ല, നിയമസഭാ കക്ഷി നേതൃ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. അജിത് പവാര്‍ നൽകിയ കത്ത് നിയമ വിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മനു അഭിഷേക് സിംഗ്‍വി കോടതിയിൽ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് പാടില്ല. വിശ്വാസ വോട്ടെടുപ്പ് നടപടികളുടെ തത്സമയ സംപ്രേഷണം വേണമെന്നും പ്രതിപക്ഷ കക്ഷികൾ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു.
