സംഝോത എക്‌സ്പ്രസ് സ്‌ഫോടനം: പ്രതികള്‍ രക്ഷപ്പെട്ടത് എന്‍ഐഎയുടെ വീഴ്ചയെന്ന് ജഡ്ജി
68 പേര്‍ കൊല്ലപ്പെട്ട സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് പഞ്ചകുള കോടതി വെറുതെ വിട്ടിരുന്നു
ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടത് അന്വേഷണസംഘത്തിന്റെ വീഴ്ച മൂലമാണെന്ന് കേസില്‍ വിധി പറഞ്ഞ ജഡ്ജി. പഞ്ചകുള പ്രത്യേക എന്‍ഐഎ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് ഹിന്ദുത്വരെ വെറുതെവിടാന്‍ കാരണമായ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളുള്ളത്. ശക്തമായ തെളിവുകളില്ലാത്തതിനാലാണ് 'ക്രൂരമായ ഹിംസ ശിക്ഷിക്കപ്പെടാതെ' പോയതെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ജഗ്ദീപ് സിങ് വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.' തീവ്രവാദത്തിന് മതമില്ല. കാരണം ഒരു മതവും ഹിംസ പ്രചരിപ്പിക്കുന്നില്ല. ഒരു കോടതിക്കും പൊതുധാരണയുടെ അല്ലെങ്കില്‍ രാഷ്ട്രീയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. നിയമത്തില്‍ തെളിവുകള്‍ക്കാണ് പ്രധാനം. ഏറെ ദുഖത്തോടെയും ദേഷ്യത്തോടെയുമാണ് വിധിന്യായം എഴുതേണ്ടി വന്നതെന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.
മുസ്‌ലിം തീവ്രവാദം, ഹിന്ദു മതമൗലികവാദം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് കുറ്റകൃത്യത്തെ മതത്തോടും സമുദായത്തോടും കൂട്ടിയോജിപ്പിച്ചതിനു അന്വേഷണസംഘത്തെ കോടതി വിമര്‍ശിച്ചു. 'ഏതെങ്കിലും മതത്തിലെ, ജാതിയുടെ സമുദായത്തിലെ കുറ്റകൃത്യങ്ങളുടെ ഘടകത്തെ ആ മതത്തെ പ്രതിനിധീകരിക്കുന്ന ഒന്നായി ഉയര്‍ത്തിക്കാട്ടരുത്. അത്തരം ഘടകങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കണം. അതാണ് മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി ചെയ്യേണ്ടത്. അല്ലെങ്കില്‍ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കോ സഹോദരഹത്യയിലേക്കോ നയിക്കപ്പെടും. പ്രതികള്‍ക്കെതിരേ കുറ്റം തെളിയിക്കുന്നതില്‍ എന്‍ഐഎ ദയനീയമായി പരാജയപ്പെട്ടു. സംശയലേശമന്യേ കുറ്റം തെളിയിക്കാനായില്ല. പ്രതികള്‍ കുറ്റം ചെയ്യാനുള്ള ധാരണയിലെത്തിയതിന് യാതൊരു തെളിവുമില്ല. പ്രതികള്‍ തമ്മില്‍ എന്തെങ്കിലും കൂടിയാലോചന നടത്തിയതിനും തെളിവില്ല. ശക്തമായ മൊഴിയോ രേഖയോ ശാസ്ത്രീയ തെളിവോ ഹാജരാക്കാന്‍ എന്‍ഐഎയ്ക്കു കഴിഞ്ഞില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
68 പേര്‍ കൊല്ലപ്പെട്ട സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് പഞ്ചകുള കോടതി വെറുതെ വിട്ടിരുന്നു. ഹരിയാന പഞ്ച്കുളയിലെ പ്രക്യേത എന്‍ഐഎ കോടതിയാണ് അസീമാനന്ദയോടൊപ്പം കൂട്ടുപ്രതികളും സംഘപരിവാര്‍ പ്രവര്‍ത്തകരുമായ ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരെ കുറ്റവിമുക്തരാക്കിയത്. പാകിസ്താനിലെ ലാഹോറിലേക്ക് ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട സംത്സോത എക്‌സ്പ്രസ് ട്രെയിന്‍ 2007 ഫെബ്രുവരി എട്ടിനു ഹരിയാനയ്ക്കു സമീപം പാനിപ്പത്തിലെത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. കേസില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലിടച്ച ശേഷം അസീമാനന്ദ മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ കുറ്റസമ്മതം നടത്തുകയായിരുന്നു.

