ശബരിമല യുവതി പ്രവേശനം: സംഘപരിവാരത്തിലെ പൊട്ടിത്തെറി മറനീക്കുന്നു

ശബരിമലയില്‍ യുവതി പ്രവേശനം ആവാമെന്നും 18ാം പടി വീതികൂട്ടിയും വര്‍ഷത്തിലെ 365 ദിവസവും ദര്‍ശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍ ഹരി ആര്‍എസ്എസ് മുഖപത്രമായ 'കേസരി'യില്‍ 14 ലക്കങ്ങളിലായി ലേഖനം എഴുതിയതും ആര്‍എസ്എസിന്റെ കേരളത്തിലെ പ്രസിദ്ധീകരണ വിഭാഗമായ 'കുരുക്ഷേത്ര' ഇത് പുസ്തകമാക്കിയതും ജന്മഭൂമി ദിനപത്രത്തില്‍ 'സഞ്ചയന്‍' സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എഡിറ്റോറിയല്‍ എഴുതിയതും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീ പ്രവേശനം അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ടതുമെല്ലാം ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Update: 2019-05-08 12:27 GMT

കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംഘപരിവാരത്തിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവരുന്നു. ശബരിമല ആചാര സംരക്ഷണത്തിനു വേണ്ടി സാമൂഹികമാധ്യമങ്ങളിലൂടെ കാംപയിന്‍ നടത്തിയ റെഡി റ്റു വെയിറ്റ് സംഘങ്ങളും ആര്‍എസ്എസിലെ ഇരുവിഭാഗവും തമ്മിലുള്ള പോരാണ് മറനീക്കി പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവുനയം മാത്രമാണ് ശബരിമല വിഷയം എന്നാണ് റെഡി ടു വെയിറ്റ് സംഘത്തിലെ പ്രധാനിയായ പദ്മ പിള്ളയും അനുകൂലികളും വ്യക്തമാക്കുന്നത്. ഇതിനു മറുപടിയായി ചില മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ തന്നെ സഭ്യേതരമായ മറുപടിയാണു നല്‍കിയത്. ഇതോടെ, സുപ്രിംകോടതി വിധിയെ രാഷ്ട്രീയനേട്ടത്തിനും വര്‍ഗീയധ്രൂവീകരണത്തിനും വേണ്ടി ഉപയോഗിച്ച സംഘപരിവാരത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്താണെന്നാണ് വെളിപ്പെടുന്നത്.


     ശബരിമലയില്‍ യുവതി പ്രവേശനത്തിനു വേണ്ടി സുപ്രിംകോടതിയെ സമീപിക്കുകയും നിയമസഹായം നല്‍കുകയും ചെയ്തത് സംഘപരിവാര ബന്ധമുള്ളവരാണെന്നു തുടക്കത്തിലേ പുറത്തുവന്നിരുന്നു. മാത്രമല്ല, ആര്‍എസ്എസ് ദേശീയനേതൃത്വം തന്നെ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കേരളത്തില്‍, പ്രത്യേകിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുതലെടുക്കാമെന്നു കണക്കുകൂട്ടി വിഷയത്തെ ആളിക്കത്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം കരുക്കള്‍ നീക്കിയത്. ഇതോടെ, കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരമാണെന്നു ധരിച്ച് ആര്‍എസ്എസ് ദേശീയ നേതൃത്വവും അമിത്ഷാ-മോദി കൂട്ടുകെട്ടും ഇതിനു കൂട്ടുനിന്നു. എന്നാല്‍, കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിയുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം പിന്നിടുകയും ചെയ്തതോടെ വിഷയത്തില്‍ സംഘപരിവാരത്തിനുള്ളിലുണ്ടായ പൊട്ടിത്തെറി മറനീക്കി പുറത്തുവരികയാണ്. ശബരിമല വിഷയത്തില്‍ നടന്ന സമരങ്ങളിലും ഹര്‍ത്താലിലുമൊക്കെ നടത്തിയ അക്രമസമരത്തിനു പിന്നിലെ ഗൂഢാലോചനകളും നേതാക്കളുടെയും ആര്‍എസ്എസിന്റെയും ഇരട്ടത്താപ്പുമെല്ലാം ചിലര്‍ ചോദ്യംചെയ്യുന്നുണ്ട്. ഇതോടെ, കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പിസത്തിനപ്പുറത്ത് ശബരിമലയെ മുന്‍നിര്‍ത്തി കേരളത്തെ കുട്ടിച്ചോറാക്കാനും വര്‍ഗീയ ധ്രൂവീകരണം നടത്താനുമുള്ള ആസൂത്രിത നീക്കം നടത്തിയതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.






     ആചാര സംരക്ഷണത്തിനു വേണ്ടി വാദിച്ച പദ്മാ പിള്ള, ശങ്കു ടി ദാസ് തുടങ്ങിയവരാണ് ആര്‍എസ്എസിനുള്ളിലെ ചിലര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമാണെന്നും വെളിപ്പെടുത്തിയത്. ആര്‍ ഹരി, ജനം ടിവി പ്രോഗ്രാം ഹെഡ് മനോജ് മനയില്‍, ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു ഉള്‍പ്പെടെയുള്ള സംഘപരിവാരത്തിലെ ബൗദ്ധികവിഭാഗം സ്ത്രീപ്രവേശനത്തിന് അനുകൂലമാണെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് ആര്‍ വി ബാബുവിന്റെ പുതിയ നിലപാട് മാറ്റവും. ശബരിമലയില്‍ നിന്നു സ്ത്രീകളെ തടയുന്നത് ദുരാചാരമാണെന്നാണ് ആര്‍ വി ബാബു ഒടുവില്‍ നിലപാട് മാറ്റിയത്. ശബരിമലയില്‍ യുവതി പ്രവേശനം ആവാമെന്നും 18ാം പടി വീതികൂട്ടിയും വര്‍ഷത്തിലെ 365 ദിവസവും ദര്‍ശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍ ഹരി ആര്‍എസ്എസ് മുഖപത്രമായ 'കേസരി'യില്‍ 14 ലക്കങ്ങളിലായി ലേഖനം എഴുതിയതും ആര്‍എസ്എസിന്റെ കേരളത്തിലെ പ്രസിദ്ധീകരണ വിഭാഗമായ 'കുരുക്ഷേത്ര' ഇത് പുസ്തകമാക്കിയതും ജന്മഭൂമി ദിനപത്രത്തില്‍ 'സഞ്ചയന്‍' സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എഡിറ്റോറിയല്‍ എഴുതിയതും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീ പ്രവേശനം അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ടതുമെല്ലാം ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

    എന്നാല്‍, ആചാരസംരക്ഷക സമിതി പ്രവര്‍ത്തകരില്‍ ഒരാളായ ശങ്കു ടി ദാസ് ആര്‍ ഹരിയെ വിമര്‍ശിച്ച് മെയ് 4ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് തമ്മിലടി രൂക്ഷമായത്. ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനും മുന്‍ ദേശീയ ബൗദ്ധിക് പ്രമുഖുമായ ആര്‍ ഹരിക്കും അയാളെ അനുകൂലിക്കുന്നവര്‍ക്കുമെതിരേ ഗുരുതര ആരോപണവും ശങ്കു ടി ദാസ് ഉന്നയിക്കുന്നുണ്ട്. സുവിശേഷ പ്രാസംഗികനായ കെപി യോഹന്നാന്‍ പത്തനംതിട്ടയിലെ ചെറുവള്ളി എസ്‌റ്റേറ്റില്‍ കൈയേറിയ ഭൂമിയില്‍ വിമാനത്താവളം പണിയുന്നതിനോട് അനുബന്ധിച്ചാണ് ശബരിമലയില്‍ ആചാര ലംഘനം നടത്തുന്നതെന്നതെന്നാണ് ശങ്കു ടി ദാസിന്റെ ആരോപണം. യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സുവിശേഷ സംഘടന ചെറുവള്ളി എസ്‌റ്റേറ്റ് കൈവശപ്പെടുത്തിയതു സംബന്ധിച്ച കേസില്‍ യോഹന്നാനു വേണ്ടി കേരളാ ഹൈക്കോടതിയില്‍ ഹാജരാവുന്നത് ആര്‍ ഹരിയുടെ സഹോദരന്‍ ആര്‍ ഡി ഷേണായി ആണെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ആര്‍എസ്എസിന്റെ പോഷകസംഘടനയായ അഭിഭാഷക പരിഷത്തിലെ മുതിര്‍ന്ന അംഗവും മുഖപത്രമായ കേസരിയില്‍ ലേഖനങ്ങളുമെഴുതുന്ന ആര്‍ ഡി ഷേണായി ഉള്‍പ്പെടെയുള്ളവരെ ശബരിമലയില്‍ ആചാരം നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന ആര്‍എസ്എസിലെ 'യോഹന്നാന്‍ വിഭാഗം' എന്നാണു വിളിക്കുന്നത്. ഇതേത്തുടര്‍ന്നുള്ള സൈബര്‍ ചര്‍ച്ചയില്‍, ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല, മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്നായിരുന്നു പദ്മ പിള്ളയുടെ അഭിപ്രായം. ശബരിമല ഒരു വോട്ട് ബാങ്ക് രാഷ്ട്രീയ നയം മാത്രമായിരുന്നു അവര്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നുമുള്ള പദ്മ പിള്ളയുടെ രൂക്ഷമായ പ്രതികരണത്തോടെ തര്‍ക്കം അസഭ്യത്തിലേക്കും മറ്റും നീങ്ങുകയായിരുന്നു. ഇതിനുപിന്നാലെ നിരവധി ആര്‍എസ്എസ് അനുകൂലികള്‍ ഫേസ്ബുക്കിലും മറ്റും റെഡി ടു വെയ്റ്റ്, ആചാര സംരക്ഷണ വിഭാഗങ്ങള്‍ക്കു നേരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തി. വിഷയം കൈവിട്ടുപോവുമെന്ന് മനസ്സിലാക്കിയ സംഘപരിവാര നേതൃത്വം ഇടപെട്ട് ചില കമ്മന്റുകള്‍ പിന്‍വലിപ്പിച്ചെങ്കിലും പലരും തമ്മിലടി തുടരുകയാണ്.




Tags:    

Similar News