ആക്രമണം കടുപ്പിച്ച് റഷ്യ; യുക്രെയ്‌നില്‍ 10 ലക്ഷം പേര്‍ ഇരുട്ടില്‍

Update: 2022-11-18 05:46 GMT

കീവ്: റഷ്യ ആക്രമണം കൂടുതല്‍ ശക്തമാക്കിയതോടെ യുക്രെയ്‌നിന്റെ പകുതിയോളം പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു. 10 ലക്ഷം പേര്‍ വെളിച്ചമില്ലാതെ ഇരുട്ടില്‍ കഴിയുകയാണ്. വൈദ്യുതി വിതരണം സാധാരണ ഗതിയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. റഷ്യയുടെ മിസൈല്‍ ആക്രമണങ്ങളില്‍ ഇതുവരെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.

റഷ്യയുടെ ആറ് ക്രൂയിസ് മിസൈലുകളും അഞ്ച് ഡ്രോണുകളും യുക്രെയ്‌ന്റെ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടതായും രാത്രി ജനങ്ങളെ അഭിസംബോധന ചെയ്ത സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പട്ടാളം ബുധനാഴ്ച യുക്രെയ്‌നിലുടനീളം വന്‍ ആക്രമണമാണ് അഴിച്ചുവിട്ടത്. നിപ്രോ നഗരത്തില്‍ മിസൈല്‍ നിര്‍മാണ ഫാക്ടറിയും വാതക ഉല്‍പ്പാദന കേന്ദ്രവും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. സാപ്പോറിഷ്യയിലെ ജനവാസകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നാലുപേരാണ് മരിച്ചത്.

നിക്കോപോള്‍ നഗരത്തില്‍ 70 ഷെല്ലുകള്‍ പതിച്ചതായി യുക്രെയ്ന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒഡേസ, ഖേര്‍സണ്‍ നഗരങ്ങളിലും മിസൈലുകള്‍ പതിച്ചു. ജനവാസ കേന്ദ്രങ്ങളെയും പശ്ചാത്തലസൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. യുദ്ധത്തില്‍ യുക്രെയ്ന്‍ സേനയില്‍നിന്നു ശക്തമായ തിരിച്ചടി നേരിടാന്‍ തുടങ്ങിയതോടെയാണു റഷ്യന്‍ പട്ടാളം പശ്ചാത്തല സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്. വൈദ്യുതി, കുടിവെള്ള സംവിധാനങ്ങളാണ് ആക്രമിക്കുന്നത്.

Tags:    

Similar News