ആര്‍എസ്എസ് ആസ്ഥാനം ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ്: മുസ് ലിം യുവാക്കളെ കോടതി കുറ്റവിമുക്തരാക്കി

10 വര്‍ഷം കഠിന തടവ് വിധിച്ച ജല്‍ഗാവ് സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിന്‍മേലാണ് നടപടി

Update: 2020-07-13 12:51 GMT

മുംബൈ: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട് മുസ് ലിം യുവാക്കളെ കോടതി കുറ്റവിമുക്തരാക്കി. മുന്‍ സിമി പ്രവര്‍ത്തകരായ ആസിഫ് ഖാന്‍, പര്‍വേസ് ഖാന്‍ എന്നിവരെയാണ് മുംബൈ ഹൈക്കോടതിയിലെ ഔറംഗാബാദ് ബെഞ്ച് ജഡ്ജി എ ജി ചൗരസ് കുറ്റവിമുക്തരാക്കിയത്. 10 വര്‍ഷം കഠിന തടവ് വിധിച്ച ജല്‍ഗാവ് സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിന്‍മേലാണ് നടപടി. 2006ല്‍ മഹാരാഷ്ട്രയിലെ ക്രൈം ബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുംബൈയിലെ പ്രശസ്തമായ നിര്‍മാണ കമ്പനിയില്‍ സിവില്‍ എന്‍ജിനീയറായിരുന്ന ആസിഫ്ഖാനെ 2006 ജൂലൈ 7ന് മുംബൈയിലുണ്ടായ ട്രെയിന്‍ സ്‌ഫോടന പരമ്പരയില്‍ ബന്ധമുണ്ടെന്നാരോപിച്ച് ഒക്ടോബര്‍ മൂന്നിനാണ് മുംബൈ ഭീകര വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയുന്നതിനിടെയാണ് ആര്‍എസ്എസ് നാഗ്പൂര്‍ ആസ്ഥാനം ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് അഞ്ചുതവണ ഇവരെ നാര്‍കോ അനാലിസിസ് ടെസ്റ്റിനും ബ്രെയിന്‍മാപ്പിങ്ങിനും വിധേയമാക്കിയിരുന്നു. കുറ്റാരോപിതര്‍ക്കു വേണ്ടി അഭിഭാഷകരായ അന്‍സാരി മാട്ടം, ജയ് ദീപ് ചാറ്റര്‍ജി എന്നിവര്‍ ഹാജരായി.

    



 

2006 ജൂലൈ 7ന് മുംബൈയിലുണ്ടായ ട്രെയിന്‍ സ്‌ഫോടന പരമ്പരയില്‍ ബന്ധമുണ്ടെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയു കഴിയുന്നതിനിടെ ആസിഫ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ മലേഗാവ് സ്‌ഫോടനക്കേസും ചുമത്തിയിരുന്നു. മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ സംഘടനകളാണെന്ന് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് ആസിഫ് ഖാന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുറ്റാരോപിതരെയും 2011ല്‍ കോടതി വെറുതെ വിട്ടിരുന്നു.

    



മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ആസിഫ്ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. ശാഹിദ് ആസ്മി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല, മലേഗാവ് സ്‌ഫോടനത്തിലെ ഹിന്ദുത്വ സംഘടനകളുടെ ബന്ധം കണ്ടെത്തിയ എടിഎസ് മേധാവി ഹേമന്ത് കര്‍ക്കരെയും മുംബൈ ആക്രമണത്തിനിടെ ദുരൂഹസാഹചര്യത്തിലാണ് കൊല്ലപ്പെട്ടത്.


RSS headquarters attack conspiracy case: High Court acquits accused


Tags: