കണ്ണൂരില്‍ ആര്‍എസ്എസിന്റെ ബോംബ് നിര്‍മാണം തുടര്‍ക്കഥ; പോലിസ് നടപടികള്‍ പേരിലൊതുങ്ങുന്നു

Update: 2023-04-12 09:19 GMT
കണ്ണൂര്‍: പൊതുവെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറവാണെങ്കിലും കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണം തുടര്‍ക്കഥയാവുന്നു. ഉഗ്രസ്‌ഫോടക ശേഷിയുള്ള ബോംബുകള്‍ നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റിട്ടും പോലിസ് നടപടികള്‍ പേരിലൊതുങ്ങുകയാണ്. ഒരുമാസത്തിനിടെ ഇതു രണ്ടാം തവണയാണ് ജില്ലയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഇന്നലെ രാത്രി തലശ്ശേരി എരഞ്ഞോളി പാലത്തിനടുത്ത് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കച്ചുമ്പ്രത്ത്താഴെ ശ്രുതിനിലയത്തില്‍ വിഷ്ണു(20)വിന്റെ കൈപ്പത്തി ചിതറിപ്പോയി. കൈക്കും ശരീരത്തിലും മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി 12ഓടെയാണ് അത്യുഗ്രസ്‌ഫോടനം ഉണ്ടായത്. വീടിനടുത്ത പറമ്പില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ദിവസങ്ങള്‍ക്കു മുമ്പും ഇതേ സ്ഥലത്ത് രാത്രി ഉഗ്രശബ്ദം കേട്ടിരുന്നതായും വിഷുക്കാലത്ത് പടക്കം പൊട്ടിയതാവാമെന്നതിനാല്‍ ആരും കാര്യമാക്കാതിരുന്നതാണെന്നും നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എല്ലാകാലങ്ങളിലും വിഷുവിന്റെ മറവില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണം തകൃതിയായി നടക്കാറുണ്ട്. വിഷുവിന്റെ പടക്കം പൊട്ടിയതാവാമെന്ന നിഗമനത്തില്‍ കേസുകള്‍ പൊതുവെ കുറവാണ്. ഇത് മുതലെടുത്താണ് സംഘപരിവാര കേന്ദ്രങ്ങളില്‍ ആയുധനിര്‍മാണം നടക്കുന്നത്. മാത്രമല്ല, മുന്‍കാലങ്ങളിലെല്ലാം തന്നെ ഇത്തരത്തില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ പടക്കമാണെന്നു പറഞ്ഞ് കേസിനെ പലപ്പോഴും പോലിസുകാര്‍ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. കൈപ്പത്തി ചിതറിയ സ്‌ഫോടനങ്ങളില്‍ പോലും പടക്കമാണെന്നു പറഞ്ഞ് ഒഴിവാക്കിയ സംഭവങ്ങള്‍ നിരവധിയാണ്. കേസെടുക്കുന്നുണ്ടെങ്കില്‍ തന്നെ സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്ന നിസ്സാര വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുക്കാറുള്ളത്. ഇതാണ് സംഘപരിവാര കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണം അനസ്യൂതം തുടരാന്‍ സഹായകരമാവുന്നത്.

    കണ്ണൂരില്‍ തന്നെ ഒരുമാസത്തിനിടെ സമാനരീതിയിലുള്ള രണ്ടാമത്തെ സ്‌ഫോടനമാണിത്. ആഴ്ചകള്‍ക്കു മുമ്പ് ഇരിട്ടിക്കു സമീപം കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എ കെ സന്തോഷിനും ഭാര്യ ലസിതയ്ക്കും പരിക്കേറ്റിരുന്നു. മാര്‍ച്ച് 13ന് രാത്രിയിലുണ്ടായ സംഭവത്തില്‍ സന്തോഷിനെ റിമാന്റ് ചെയ്‌തെങ്കിലും സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്ന വകുപ്പാണ് ചുമത്തിയിരുന്നത്. ഇയാളുടെ വീട്ടില്‍ നേരത്തെയും സ്‌ഫോടനമുണ്ടായിരുന്നു. 2018ല്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി സന്തോഷിന്റെ വിരലറ്റിരുന്നു. ബോംബ് നിര്‍മാണത്തിനിടെയാണ് ഗുരുതര പരിക്കെന്ന് അന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നെങ്കിലും നടപടികള്‍ കര്‍ശനമായിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ബോംബ് നിര്‍മാണത്തിലേക്ക് തിരിയുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതും. എവിടെയെങ്കിലും സ്‌ഫോടനമോ മറ്റോ ഉണ്ടാവുമ്പോള്‍ ബോംബ് സ്‌ക്വാഡും ഉന്നത പോലിസുകാരുമെത്തി ചെറിയ തോതില്‍ പരിശോധനകള്‍ നടത്തുന്നതൊഴിച്ചാല്‍ അക്രമികള്‍ക്കെതിരേ കര്‍ശന നടപടിക്ക് പോലിസും തയ്യാറാവുന്നില്ല. നിസ്സാര കാര്യങ്ങളുടെ പേരില്‍ പൊതുജനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്ന പോലിസ് സേന തന്നെയാണ് സംഘപരിവാര കേന്ദ്രങ്ങളിലെ തുടര്‍ച്ചയായ ബോംബ് നിര്‍മാണത്തിനെതിരേ കണ്ണടയ്ക്കുന്നത് എന്നതും കൂട്ടിവായിക്കേണ്ടതാണ്.

Tags:    

Similar News