ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന് ജാമ്യം, മോചനം 106 ദിവസത്തെ ജയില്‍വാസത്തിനു ശേഷം

ജാമ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ആര്‍ ഭാനുമതി, എ എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബഞ്ച് ജാമ്യമനുവദിച്ചത്. ആഗസ്ത് 21ന് അറസ്റ്റിലായ ചിദംബരത്തിന് 106 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

Update: 2019-12-04 05:54 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം. ജാമ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ആര്‍ ഭാനുമതി, എ എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബഞ്ച് ജാമ്യമനുവദിച്ചത്. ആഗസ്ത് 21ന് അറസ്റ്റിലായ ചിദംബരത്തിന് 106 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കി എന്നാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കേസ്. ഇത്തരത്തില്‍ അനുമതി നല്‍കിയതില്‍ ചട്ടലംഘനവും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് പരാതി. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ചിദംബരം കഴിഞ്ഞ 106 ദിവസമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്.

നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ചിദംബരം അന്വേഷണത്തോട് സഹകരിക്കണമെന്നും രാജ്യം വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടി വയ്ക്കണം. പരസ്യ പ്രസ്താവനകള്‍ നടത്തുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ നവംബര്‍ 15ലെ വിധിയെ ചോദ്യം ചെയ്ത് ചിദംബരം സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷനായ ബെഞ്ച് നവംബര്‍ 28ന് വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ചിദംബരത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും എ എം സിംഗ്‌വിയും ഹാജരായി.

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ ആഗസ്റ്റ് 21നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരം ധനമന്ത്രിയായിരിക്കെ 2007 ല്‍ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പിന് നല്‍കിയ എഫ്‌ഐപിബി ക്ലിയറന്‍സില്‍ ക്രമക്കേട് ആരോപിച്ച് സിബിഐ 2017 മെയ് 15നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇഡി പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തു.

Tags:    

Similar News