ടിപ്പു ജയന്തി നിര്‍ത്തലാക്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

Update: 2019-11-06 16:20 GMT

ബെംഗളൂരു: ടിപ്പു സുല്‍ത്താന്‍ ജന്മവാര്‍ഷികം ആഘോഷിക്കുന്നത് നിര്‍ത്തലാക്കിയ നടപടി സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഇക്കാര്യത്തില്‍ രണ്ടുമാസത്തിനകം ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാര്‍ ആഘോഷിച്ചിരുന്ന ടിപ്പു ജയന്തി ആഘോഷം യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒഴിവാക്കുന്നതിനെതിരേ ഏതാനും സാമൂഹിക പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് എസ് ആര്‍ കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റ് ഇടക്കാല ഉത്തരവ്. ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മന്ത്രിസഭാ യോഗം പോലും ചേര്‍ന്നിരുന്നില്ലെന്നും ഒറ്റ ദിവസംകൊണ്ടാണ് തീരുമാനമെടുത്തതെന്നും കോടതി നിരീക്ഷിച്ചു. ഏകപക്ഷീയമായി എടുക്കേണ്ട ഒരു തീരുമാനമല്ല ഇതെന്നു ചൂണ്ടിക്കാട്ടിയ കോടതി വ്യക്തമാക്കി. നവംബര്‍ 10നാണ് ടിപ്പു ജയന്തി ആഘോഷിച്ചു വരുന്നത്.

    ഭരണതലത്തില്‍ എടുത്ത നയപരമായ തീരുമാനം മാത്രമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ പ്രഭുലിങ് കെ നവദാഗി വാദിച്ചു. ടിപ്പു ജയന്തി ആഘോഷിക്കാന്‍ താല്‍പ്പര്യമുള്ളവരെ തടയുന്നില്ലെന്നും വെറും നാല് വര്‍ഷം മുമ്പാണ് ഇത്തരത്തിലുള്ള ആഘോഷം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ താഴെയിറക്കി അധികാരത്തിലേറിയ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈ 30നാണ് ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിച്ചതിനെതിരേ ന്യുനപക്ഷ പ്രീണനമെന്ന് ആരോപിച്ച് ബിജെപി വന്‍തോതില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും സംഘര്‍ഷത്തിനു കാരണമാക്കുകയും ചെയ്തിരുന്നു. 18ാം നൂറ്റാണ്ടിലെ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ രാജ്യസ്‌നേഹിയാണെന്ന് കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യം പറയുമ്പോള്‍ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം നടത്തിയ സ്വേച്ഛാധിപതിയായാണ് ബിജെപി ചിത്രീകരിക്കുന്നത്.

    യെദിയൂരപ്പ സര്‍ക്കാര്‍ ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും സംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചത് ചരിത്രകാരന്മാരുടെയും പ്രതിപക്ഷ നേതാക്കളുടെയും എതിര്‍പ്പിനു കാരണമാക്കിയിരുന്നു. യെദിയൂരപ്പയെ പിന്തുണച്ച് ബിജെപി സംസ്ഥാന ഘടകവും രംഗത്തെത്തിയിരുന്നു.


Tags:    

Similar News