ഭവന, വാഹന വായ്പകള്‍ ചെലവേറിയതാകും; റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തി

വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് ഉയര്‍ത്തല്‍ എന്നാണ് വിലയിരുത്തല്‍. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

Update: 2022-05-04 10:27 GMT

ന്യൂഡല്‍ഹി: അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന വായ്പാനിരക്കില്‍ 40 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തി. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയര്‍ന്നു. ധനകാര്യ നയരൂപവത്കരണ സമിതിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.

വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് ഉയര്‍ത്തല്‍ എന്നാണ് വിലയിരുത്തല്‍. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാല് ശതമാനമായിരുന്നു.

നാണയപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ഇതോടെ ബാങ്ക് വായ്പാനിരക്കുകള്‍ ഉയര്‍ന്നേക്കും. വാഹന, ഭവന വായ്പകള്‍ ചെലവേറിയതാകുമെന്നാണ്് റിപ്പോര്‍ട്ടുകള്‍.

അസംസ്‌കൃത എണ്ണ വില ഉയര്‍ന്നുനില്‍ക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായിരിക്കുകയാണ്. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പനിരക്കും മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പനിരക്കും ഉയര്‍ന്ന നിലയിലാണ്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് റിസര്‍വ് ബാങ്ക് ലക്ഷ്യം.

മെയ് 2 മുതല്‍ 4 വരെയാണ് റിസര്‍വ് ബാങ്കിന്റെ ധനകാര്യ നയരൂപവത്കരണ സമിതി യോഗം ചേര്‍ന്നത്. ഇതിലാണ് തീരുമാനമെടുത്തതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന അസംസ്‌കൃത എണ്ണവില, ആഗോളതലത്തില്‍ ചരക്കുകളുടെ ദൗര്‍ലഭ്യം എന്നിവ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സ്വാധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ചേര്‍ന്ന 2022- 23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എംപിസി യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായിരുന്നില്ല. അതേസമയം റിപ്പോ നിരക്ക് കൂട്ടിയതോടെ വിപണിയിലും കടുത്ത ചാഞ്ചാട്ടമാണ് നേരിടുന്നത്. നേരിയ നേട്ടത്തോടെ ഇന്ന് വ്യാപാരം പുനരാരംഭിച്ച ആഭ്യന്തര വിപണിയില്‍ സെന്‍സെക്‌സ് 200ലേറെ പോയിന്റും നിഫ്റ്റി 63 പോയിന്റും വരെ ഉയര്‍ന്നിരുന്നു.

നേരത്തെ കഴിഞ്ഞ എംപിസി യോഗം പണപ്പെരുപ്പം നേരിടുമെന്ന് വ്യക്തമാക്കിയിരുന്നതാണ്. സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് നല്‍കുന്ന പരിഗണന കുറയ്ക്കാതെയും അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കാതെയുമുള്ള സാമ്പത്തിക ഉത്തേജന നയരീതി എംപിസി സമിതി ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നത്. ഈ നിലപാടില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ തീര്‍ത്തും പിന്മാറിയിരിക്കുന്നത് എന്നതും അപ്രതീക്ഷിതമാണ്.

Tags: