പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവച്ചു; വോട്ടെടുപ്പ് ഫെബ്രുവരി 20ന്

Update: 2022-01-17 10:05 GMT

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തിയ്യതി നീട്ടിവച്ചു. സംസ്ഥാനത്ത് ഫെബ്രുവരി 20നായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരി 14നായിരുന്നു തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 16ലെ ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 15ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് കത്തെഴുതുകയും ചെയ്തു. 2022 ഫെബ്രുവരി 10 മുതല്‍ 16 വരെ ബനാറസ് സന്ദര്‍ശിക്കാനും നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും കഴിയുന്ന തരത്തില്‍ വോട്ടിങ് തിയ്യതി നീട്ടണമെന്നാണ് കമ്മീഷനോട് അഭ്യര്‍ഥിച്ചത്. ഇത് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ചുദിവസത്തേക്ക് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവച്ചത്.

ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളുടെ തിയ്യതിയിലും മാറ്റം വന്നിട്ടുണ്ട്. വിജ്ഞാപനം ജനുവരി 25ന് പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി ഒന്നാണ്. പത്രിക പരിശോധന ഫെബ്രുവരി രണ്ടിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി നാലാണ്. വോട്ടെടുപ്പ് തിയ്യതി മാറ്റിയെങ്കിലും ഫലം വരുന്ന തിയ്യതി മുന്‍നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 10ന് തന്നെയായിരിക്കും.

Tags:    

Similar News