സില്‍വര്‍ ലൈനെതിരായ പ്രതിഷേധം; കേസുകളൊന്നും പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

Update: 2022-12-12 06:14 GMT

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സില്‍വര്‍ ലൈനിലെ ഭൂമി സംബന്ധമായ നടപടികള്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്കെതിരേ സമരം നടത്തിയവര്‍ക്കെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളൊന്നും പിന്‍വലിക്കേണ്ടെന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രാനുമതി കിട്ടുന്ന മുറയ്ക്ക് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോവും.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങളുണ്ടായപ്പോള്‍, ആ നീക്കത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താവുന്ന കേന്ദ്ര ഭരണ കക്ഷി കൂടി ഉള്‍പ്പെട്ടപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോയി. പദ്ധതിക്കെതിരേ കേന്ദ്രത്തില്‍ നിന്നുള്ള ചില ഉത്തരവാദിത്തപ്പെട്ടവര്‍ സംസാരിക്കുന്ന രീതിയുമുണ്ടായി. ആ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിക്ക് ശേഷമാവാം പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളെന്ന് സംസ്ഥാനം തീരുമാനിക്കുകയായിരുന്നു.

കേന്ദ്രത്തിന് എന്നെങ്കിലും ഒരിക്കല്‍ പദ്ധതിക്കായി അനുമതി നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങഗ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 1016 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രവുമായി ആലോചിക്കും. തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News