ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലംമാറ്റം

Update: 2019-01-16 10:31 GMT

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരസ്യമായി സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ക്ക്് കൂട്ട സ്ഥലംമാറ്റം. സിസ്റ്റര്‍മാരായ അനുപമ, ജോസഫൈന്‍, ആല്‍ഫി, ആന്‍സിസ്റ്റ എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റര്‍ ജോസഫൈനെ ജാര്‍ഖണ്ഡിലേക്കും സിസ്റ്റര്‍ ആല്‍ഫിയെ ബീഹാറിലെക്കും സിസ്റ്റര്‍ ആന്‍സിസ്റ്റയെ കണ്ണൂര്‍ പരിയാരത്തേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബിഷപ്പ് ബലാല്‍സംഗം ചെയ്ത കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരാണിവര്‍. ഇവര്‍ ഒരുമിച്ചാണ് കുറവിലങ്ങാട് മഠത്തില്‍ താമിക്കുന്നത്. ബിഷപ്പ്് ഫ്രാങ്കോയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജങ്ഷനില്‍ പന്തല്‍കെട്ടി സമരം ചെയ്ത കന്യാസ്്ത്രീകളാണിവര്‍. അതേസമയം, സിസ്റ്റര്‍ നീനയ്ക്കും ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീക്കും നിലവില്‍ സ്ഥലംമാറ്റം ഇല്ല. ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയ്ക്ക്് പിന്തുണ നല്‍കി ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിലുള്ള സഭയുടെ പ്രതികാര നടപടിയാണ് തങ്ങളുടെ സ്ഥലം മാറ്റിത്തിനു പിന്നിലെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. കൂടാതെ ബിഷപ്പിനെതിരായ കേസ് ദുര്‍ബലമാക്കാനുള്ള ശ്രമമാണ് സ്ഥലമാറ്റമെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.

സ്ഥലംമാറ്റ നടപടി തങ്ങള്‍ അംഗീകരിക്കില്ല. കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരുമെന്നും അതിനായി എന്തും നേരിടാന്‍ തയ്യാറാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. തങ്ങള്‍ക്കെതിരേ നില്‍ക്കുന്ന കന്യാസ്ത്രീകള്‍ രണ്ടുപേര്‍ ഈ മഠത്തില്‍ ഇപ്പോഴും തുടരുന്നുണ്ട് അതില്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇവിടെ നില്‍ക്കുന്നതാണ് അവര്‍ക്ക് പ്രശ്‌നം. അത് അംഗീകരിക്കില്ല. തങ്ങളെ ഇവിടെ നിന്നും മാറ്റുന്നതോടെ ഇരയാക്കപ്പെട്ട കന്യാസ്ത്രിയെ മാനസീകമായും ശാരിരികമായും തകര്‍ക്കാന്‍ പറ്റും. അതിലൂടെ കന്യാസ്ത്രീയെ സമ്മര്‍ദ്ദത്തിലാക്കി കേസ് പിന്‍വലിപ്പിക്കാമെന്നായിരിക്കും അവര്‍ കണക്കു കൂട്ടുന്നത്. അത് അനുവദിക്കില്ല. ഇരയാക്കപ്പെട്ട സഹപ്രവര്‍ത്തകയായ കന്യാസ്ത്രീക്കു പിന്തുണയുമായി ഇവിടെയുണ്ടാകും. സന്യാസിനി സഭയിലെ വേറെ ആരും ഈ കന്യാസ്ത്രീയെ പിന്തുണയ്ക്കാന്‍ ഇല്ല. അതിനാല്‍ മരിക്കേണ്ടി വന്നാലും തങ്ങള്‍ ഇവിടെ തന്നെ നില്‍ക്കുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഇരയാക്കപ്പെട്ട കന്യാസ്ത്രീക്ക് സന്യാസിനി സഭ തന്നെ നേരത്തെ സംരക്ഷണം നല്‍കിയിരുന്നുവെങ്കില്‍ തങ്ങള്‍ ഈ സ്ഥലം മാറ്റം അംഗീകരിക്കുമായിരുന്നു പക്ഷേ അതുണ്ടായില്ല. പഞ്ചാബിലേക്കും ബീഹാറിലേക്കും തങ്ങള്‍ പോയാല്‍ അവിടെ എന്തു സംരക്ഷണമായിരിക്കും ഇവര്‍ തങ്ങള്‍ക്കു നല്‍കുക. തെറ്റു ചെയ്ത ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നടപടിയില്ല. കുറ്റാരോപിതനെ സംരക്ഷിക്കുകയാണ്. പകരം ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന തങ്ങള്‍ക്കെതിരേയാണ് നടപടിയെടുക്കുന്നത്. സഭാ അധികാരികള്‍ നീതി നടപ്പാക്കാന്‍ തയാറാവണമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. സ്ഥലംമാറ്റ നടപടി അംഗീകരിക്കില്ലെന്ന് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്ററെ അറിയിക്കുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.



Tags:    

Similar News