സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

Update: 2022-09-23 04:25 GMT

കോഴിക്കോട്: ദേശീയ, സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പല ജില്ലകളിലും ആദ്യ മണിക്കൂറുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ചില സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഹര്‍ത്താലിന്റെ തുടക്കത്തില്‍ സര്‍വീസ് നടത്തിയെങ്കിലും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പോലിസ് അകമ്പടിയോടെ ചിലയിടങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ എന്നിവയും നിരത്തിലിറങ്ങിയിട്ടില്ല. മറ്റ് സ്വകാര്യവാഹനങ്ങളും നന്നേ കുറവാണ്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഭൂരിഭാഗം സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

കേരള, എംജി, കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും. കേരള നഴ്‌സിങ് കൗണ്‍സില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷയും മാറ്റിവച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍, നിയമനപരിശോധന എന്നിവ മാറ്റമില്ലാതെ നടക്കുമെന്ന് പിഎസ്‌സി അറിയിച്ചു. വ്യാഴാഴ്ചയാണ് കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലായി എന്‍ഐഎയും ഇഡിയും പോപുലര്‍ ഫ്രണ്ടിന്റെ 93 കേന്ദ്രങ്ങളില്‍ അന്യായ റെയ്ഡ് നടത്തിയത്. വിവിധ കേസുകളിലുമായി 45 പേരെയാണ് അറസ്റ്റ് ചെയ്തത്. അതില്‍ 19 പേരും കേരളത്തില്‍നിന്നാണ്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാള്‍, ബിഹാര്‍, മണിപ്പൂര്‍ എന്നിങ്ങനെ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. കേന്ദ്ര ഏജന്‍സികളുടെ റെയ്ഡിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി റോഡ് ഉപരോധവും പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേര്‍വാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹര്‍ത്താലിനെ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അഭ്യര്‍ഥിച്ചു.

Tags:    

Similar News