കേന്ദ്ര ഏജന്‍സികള്‍ ആര്‍എസ്എസ് ആകരുത്; പ്രതിഷേധമിരമ്പി പോപുലര്‍ ഫ്രണ്ടിന്റെ ഇ ഡി ഓഫിസ് മാര്‍ച്ച്

ആര്‍എസ്എസിന്റെ വംശീയ അജണ്ടകള്‍ക്ക് ഇഡി ആയുധമാകുന്നു, കേന്ദ്ര ഏജന്‍സികള്‍ ആര്‍എസ്എസ് ആകരുത് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തുന്നത്.എറണാകുളം വഞ്ചി സ്‌ക്വയറിനു സമീപം നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു

Update: 2022-04-18 05:46 GMT

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫിന്റെ അന്യായമായ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.ആര്‍എസ്എസിന്റെ വംശീയ അജണ്ടകള്‍ക്ക് ഇഡി ആയുധമാകുന്നു, കേന്ദ്ര ഏജന്‍സികള്‍ ആര്‍എസ്എസ് ആകരുത് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.എറണാകുളം വഞ്ചി സ്‌ക്വയറിനു സമീപം നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ യോഗം പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദീന്‍ എളമരം ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറിമാരായ പി കെ അബ്ദുല്‍ ലത്തീഫ്, സി എ റഊഫ്, സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ജില്ലാ പ്രസിഡന്റുമാരായ വി കെ സലിം, കെ എസ് നൗഷാദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.


ഫാഷിസ്റ്റ് ഭരണകൂടം പോപുലര്‍ ഫ്രണ്ടിനെതിരെ നിരന്തരം നടത്തുന്ന വേട്ടയുടെ ഭാഗമാണ് അഷ്‌റഫിന്റെ അറസ്‌റ്റെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന വിഭാഗീയരും മതഭ്രാന്തന്മാരുമായ രാഷ്ട്രീയ യജമാനന്മാരുടെ കളിപ്പാവകളായി ഇഡി പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പീഡനം തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) നാലുവര്‍ഷം മുമ്പാണ് സംഘടനയ്‌ക്കെതിരെ ബോധപൂര്‍വം കള്ളക്കേസ് കെട്ടിച്ചമച്ചത്.


വര്‍ഷങ്ങളായി നടത്തിയ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷവും സംഘടനയ്‌ക്കെതിരെ ഇഡി ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല. കോടതിയുടെ മുന്നില്‍ കേസ് പൊളിയുമെന്ന ഭയത്തില്‍ നിന്നുള്ള ഭീരുത്വമായ നടപടിയാണ് ഇപ്പോള്‍ ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കളിപ്പാവകളായി നിന്നുകൊണ്ട് പൗരവകാശം ഹനിക്കുന്ന ഇഡിക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News