തിരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക: ഇ അബൂബക്കര്‍

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനാചരണ ഭാഗമായി നാദാപുരത്ത് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2019-02-17 15:15 GMT

നാദാപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനാചരണ ഭാഗമായി നാദാപുരത്ത് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'പശു രാജിലേക്ക് ഇന്ത്യ' എന്ന സങ്കല്‍പത്തിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണ്. ഇവരുടെ വിദ്വേഷ രാഷ്ട്രീയം മറ്റു രാഷ്ട്രീയപാര്‍ട്ടികളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് മൂന്നു സീറ്റുകളാണ് നല്‍കിയത്. പശുവിന്റെ യഥാര്‍ഥ സംരക്ഷകര്‍ ആര് എന്ന ഗോകുല കലഹം മാത്രമാണ് നടക്കുന്നത്. മുസ്‌ലിംകള്‍ ഇവരുടെയൊന്നും ഉല്‍കണ്ഠാമേഖലയില്‍ വരുന്നേയില്ല. 10 ശതമാനം സവര്‍ണ സംവരണ ബില്ല് കൊണ്ടുവന്ന ബിജെപിക്കു വേണ്ടി വോട്ട് ചെയ്തത് കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയവരാണ.് സംവരണത്തിന്റെ സത്തയെ തന്നെ ഊറ്റിക്കളയുന്ന ബില്ലാണിത്.

പുല്‍വാമയില്‍ രാജ്യത്തിന്റെ സൈനികരെ കൊലപ്പെടുത്തിയ ദുഖകരവും ഖേദകരവുമായ സംഭവത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പോപുലര്‍ ഫ്രണ്ടിന്റെ സന്ദേശം നാദാപുരത്തു നിന്ന് തുടങ്ങി നാദാപുരത്ത് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. നാദാപുരത്തു നിന്ന് തുടങ്ങി രാജ്യത്തിന്റെ വിവിധ ഗ്രാമങ്ങളിലൂടെ, പട്ടണങ്ങളിലൂടെ, ചെറുവഴികളിലൂടെ, ഹൃദയങ്ങളിലൂടെ പ്രയാണം നടത്തി ഇവിടെയെത്തിയിരിക്കുകയാണ്. ഇതൊരു പര്യവസാനമല്ല. പള്ളിക്കണ്ടത്തില്‍ സൂപ്പി ഉസ്താദില്‍നിന്ന് തുടങ്ങിവച്ച ഈ മെഴുകുതിരി വെട്ടം ഒരു സുനാമിയിലും കൊടുങ്കാറ്റിലും അണയാതെ ഞങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രമുഖരും പ്രബലരുമായ എതിരാളികള്‍ നമുക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഞങ്ങളുടെ മറുപടിയായിരുന്നു സൂപ്പി ഉസ്താദ്.



മെഴുകുതിരി വെട്ടം ഇപ്പോഴൊരു സൂര്യപ്രകാശമായി നമുക്കു മുന്നില്‍ നില്‍ക്കുകയാണ്. അന്നുമുതല്‍ ഇങ്ങോട്ട് നിവര്‍ന്നുനില്‍ക്കേണ്ട അവസരങ്ങളിലെല്ലാം സംഘടന കര്‍മനിരതരായിട്ടുണ്ട്. നാദാപുരത്തും മറ്റും കമ്മ്യൂണിസ്റ്റുകള്‍ മുസ്‌ലിംകള്‍ക്കെതിരേ കലാപം നടത്തിയപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തകരായും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ സംഘപരിവാരം കലാപത്തിനു ശ്രമിച്ചപ്പോഴും പ്രതിരോധിക്കാന്‍ നമ്മുടെ പ്രവര്‍ത്തകരുണ്ടായിരുന്നു. ആര്‍എസ്എസ് ഒരു മനസ്ഥിതിയാണ്. അതിനെ ഒരു സംഘടനയായി ചുരുക്കരുതെന്നു നമ്മള്‍ പറഞ്ഞപ്പോള്‍ നമ്മെ പരിഹസിച്ചവര്‍ ഇന്ന് ഇത് തിരിച്ചറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൗക്കിദാറിനെ അടുത്ത തിരഞ്ഞെടുപ്പോടെ പുറത്താക്കണം. ചൗക്കിദാറിനെ മാത്രമല്ല, അതിന്റെ പിന്നണിക്കാരെയും പുറത്താക്കണം. സര്‍ക്കാര്‍ ഒന്നും സംഭാവന ചെയ്തിട്ടില്ലെന്നു പറയരുത്. നിരവധി കക്കൂസുകള്‍ നിര്‍മിച്ചിട്ടുണ്ട്. കണ്ണന്താനത്തെ പോലെയുള്ള രസികന്‍ മന്ത്രിമാരെ സംഭാവന ചെയ്തിട്ടുണ്ട്. പെട്രോള്‍ വിലയെ കുറിച്ചു ചോദിക്കുമ്പോള്‍ വന്ദേമാതരം എന്നു പറഞ്ഞാല്‍ അണികള്‍ കൈയടിച്ചോളും. അയോധ്യയിലെ ഭൂമി ഇന്നലെ ബാബരി മസ്ജിദിന്റേതായിരുന്നു. ഇന്നും അത് പള്ളിയുടേതാണ്. നാളെയും അത് പള്ളിയുടേത് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈകീട്ട് നാദാപുരം തലശ്ശേരി റോഡില്‍നിന്നാരംഭിച്ച യൂനിറ്റ് മാര്‍ച്ച് ബസ് സ്റ്റാന്റ് വഴി കല്ലാച്ചി ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ സമാപിച്ചു. ചെയര്‍മാന്‍ ഇ അബൂബക്കര്‍ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് ഒഫീഷ്യല്‍ കാഡറ്റുകളുടെയും ബാന്റ് ടീമിന്റെയും ഡെമോണ്‍സ്‌ട്രേഷന്‍ അരങ്ങേറി. യൂനിറ്റി സോങ്ങോടെയാണ് പൊതുസമ്മേളനത്തിനു സമാരംഭം കുറിച്ചത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഒരു മിനുട്ട് മൗനം ആചരിച്ചു. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബി നൗഷാദ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.



അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതി അംഗങ്ങളായ പി എന്‍ മുഹമ്മദ് റോഷന്‍, കെ സാദത്ത് മാസ്റ്റര്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി എ സി ഫൈസല്‍ മൗലവി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി ഫരീദ ഹസന്‍, സംസ്ഥാന സെക്രട്ടറി ഷാഹിന, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി, പരേഡ് ക്യാപ്റ്റന്‍ ലുഖ്മാന്‍ കണ്ണൂര്‍ പങ്കെടുത്തു. പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി എ ഹാരിസ് നന്ദി പറഞ്ഞു. ബഹുജന റാലിക്ക് പോപുലര്‍ ഫ്രണ്ട് ജില്ലാ ഭാരവാഹികളായ വി കെ നൗഫല്‍, പി ടി സിദ്ദീഖ്, വൈ മുഹമ്മദ്, സി എ ഹാരിസ്, കബീര്‍, എന്‍ പി ഷക്കീല്‍, അബ്ദുന്നാസിര്‍ തുറയൂര്‍, സി എം നസീര്‍, എസ് മുനീര്‍, നിസാര്‍ അഹമ്മദ് നേതൃത്വം നല്‍കി. 

Tags:    

Similar News