ക്രമക്കേട്: ത്രിപുരയില്‍ 168 ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി; റീ പോളിങ് 12ന്

ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തും. മെയ് 12ന് രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ ആറുമണിക്കൂറായിരിക്കും വോട്ടെടുപ്പ് സമയം.

Update: 2019-05-08 05:11 GMT

അഗര്‍ത്തല: പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളില്‍ ഏപ്രില്‍ 11ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തും. മെയ് 12ന് രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ ആറുമണിക്കൂറായിരിക്കും വോട്ടെടുപ്പ് സമയം. ആദ്യഘട്ട തിരഞ്ഞെടുപ്പിനിടെ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്തുപിടിത്തവും വ്യാപക ക്രമക്കേടും നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

മണ്ഡലത്തിലെ 50 ശതമാനം ബൂത്തുകളിലും റീ പോളിങ് നടത്തണമെന്നും സിപിഎമ്മും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍, വരണാധികാരി, പ്രത്യേക നിരീക്ഷകന്‍ എന്നിവരുടെ റിപോര്‍ട്ടുകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ റീ പോളിങ്ങിന് ഉത്തരവിട്ടത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 58ാം വകുപ്പ് രണ്ടാം ഉപ വകുപ്പ് എന്നിവ പ്രകാരമാണ് വോട്ടെടുപ്പ് റദ്ദാക്കിയത്. വോട്ടെടുപ്പില്‍ അക്രമങ്ങളുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്കായി 15 കമ്പനി അര്‍ധസൈനിക വിഭാഗത്തെ അധികമായി നിയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.  

Tags: