ഷാനിമോള്‍ ഉസ്മാനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ജയിലില്‍ പോവാന്‍ തയ്യാറെന്ന് സ്ഥാനാര്‍ത്ഥി

മണ്ഡലത്തിലെ എരമുല്ലൂര്‍ എഴുപുന്ന നിര്‍മാണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് തുറവൂര്‍ പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ആലപ്പുഴ എസ്പിക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി അരൂര്‍ പോലിസിന് പരാതി കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് അരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം അരഭിച്ചത്.

Update: 2019-10-03 09:21 GMT

ആലപ്പുഴ: കോണ്‍ഗ്രസ് വനിതാ നേതാവും അരൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഷാനിമോള്‍ ഉസ്മാനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.പിഡബ്ല്യൂഡി എഞ്ചിനീയറുടെ പരാതിയിലാണ് ഷാനിമോള്‍ക്കെതിരേ അരൂര്‍ പോലിസ് കേസ് എടുത്തത്.

മണ്ഡലത്തിലെ എരമുല്ലൂര്‍ എഴുപുന്ന നിര്‍മാണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് തുറവൂര്‍ പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ആലപ്പുഴ എസ്പിക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി അരൂര്‍ പോലിസിന് പരാതി കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് അരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം അരഭിച്ചത്. സെപ്റ്റംബര്‍ 27ന് രാത്രി 11ന് ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തിലുള്ള 50ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എരമല്ലൂര്‍എഴുപുന്ന റോഡിന്റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതി.

ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും അറ്റക്കുറ്റപണി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടെടുക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഏകദേശം അമ്പത് ശതമാനത്തോളം പൂര്‍ത്തിയായ അറ്റകുറ്റപണി ഷാനിമോള്‍ ഉസ്മാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തിയാണ് ഇതെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. ഇതാണ് തിരഞ്ഞെടുപ്പ് പ്രചാരാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയ ഷാനിമോള്‍ ഉസ്മാനും സംഘവും തടഞ്ഞെതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, പകല്‍നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ അര്‍ധരാത്രി ഇരുട്ടിന്റെ മറവില്‍ നടത്തിയതില്‍ നിഗൂഢതയുണ്ടെന്നും ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങളെ ചോദ്യം ചെയ്തതിന് ജയിലില്‍ പോവാനും തയ്യാറാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കുന്നതിനെതിരേയും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ശക്തമായി പ്രതികരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരത്തില്‍ അരൂരിലെ സ്ഥാനാര്‍ഥിക്കെതിരേ പോലിസ് കേസുമായി മുന്നോട്ടുപോകുന്നതിനെതിരേ യുഡിഎഫ് കേന്ദ്രങ്ങളും രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത് തടയുകയാണ് ഷാനിമോള്‍ ഉസ്മാന്‍ ചെയ്തതെന്നും രാഷ്ട്രീയ പ്രതികാരം മൂലമാണ് കേസ് എടുത്തതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് എഎ ഷുക്കൂറിന്റെ പ്രതികരണം.

അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് ഷാനിമോളെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Tags: