ലക്കിടി സംഭവത്തില്‍ ദൂരൂഹത; യുവാവിന്റെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും
ബുധനാഴ്ച രാത്രി മാവോവാദികളും പോലിസും തമ്മില്‍ എട്ടു മണിക്കൂറോളം ഏറ്റുമുട്ടല്‍ നടന്നുവെന്നാണ് പോലിസ് ഭാഷ്യം. അതേസമയം, ഇത്തരം നീണ്ട ഏറ്റുമുട്ടല്‍ നടന്നിട്ടും പോലിസിനോ റിസോര്‍ട്ട് ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നത് ചോദ്യങ്ങളുയര്‍ത്തുന്നു.
കല്‍പറ്റ: ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോവാദിയെന്ന് ആരോപിക്കപ്പെടുന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകളേറെ. പോലിസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങളില്‍ ചില കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു. ബുധനാഴ്ച രാത്രി മാവോവാദികളും പോലിസും തമ്മില്‍ എട്ടു മണിക്കൂറോളം ഏറ്റുമുട്ടല്‍ നടന്നുവെന്നാണ് പോലിസ് ഭാഷ്യം. അതേസമയം, ഇത്തരം നീണ്ട ഏറ്റുമുട്ടല്‍ നടന്നിട്ടും പോലിസിനോ റിസോര്‍ട്ട് ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നത് ചോദ്യങ്ങളുയര്‍ത്തുന്നു. രണ്ട് പോലിസുകാര്‍ക്ക് പരിക്കുണ്ടന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച സ്ഥിരീകരണം ഇനിയുമുണ്ടായിട്ടില്ല.
കൊല്ലപ്പെട്ട സി പി ജലീല്‍ ഉള്‍പ്പെടെയുള്ളവര്‍ സാധാരണ വേഷത്തിലായിരുന്നു. ഇവരുടെ കയ്യില്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, മൃതദേഹത്തിനടുത്ത് നിന്ന് തോക്ക് കണ്ടെത്തിയോ എന്ന കാര്യത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച രാത്രി എട്ടോടെയാണ് മാവോവാദികളെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടു പേര്‍ ഉപവന്‍ റിസോര്‍ട്ടിലെത്തിയത്. ഇവര്‍ പത്തു പേര്‍ക്കുള്ള ഭക്ഷണവും 50000 രൂപയും ആവശ്യപ്പെട്ടുവത്രേ. ഭക്ഷണം പാകം തയ്യാറാവുമ്പോഴേക്കും തിരിച്ചുവരാമെന്ന് അറിയിച്ച് യുവാക്കള്‍ പുറത്തുപോയ സമയം റിസോര്‍ട്ട് അധികൃതര്‍ പോലിസിനെ വിവരമറിയിച്ചു. അതേസമയം, യുവാക്കളെത്തുമ്പോള്‍ റിസോര്‍ട്ടിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥനാണ് അവരെ തിരിച്ചറിഞ്ഞ് തണ്ടര്‍ ബോള്‍ട്ടിനെ വിളിച്ചതെന്നും പറയപ്പെടുന്നു. പോലിസ് വെടിവയ്പ് ആരംഭിച്ചതോടെ യുവാക്കളില്‍ ഒരാള്‍ നിലത്തുവീണു. കൂട്ടാളി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടുവെന്നാണ് പോലിസ് വിശദീകരണം.
അതേസമയം, ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായ വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മഞ്ചേരി നെല്ലിക്കുത്ത്് സ്വദേശി സി പി ജലീലിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവും. വയനാട് ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, കണ്ണൂര്‍ ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ, വയനാട് എസ്പി കറുപ്പസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നത്.
എന്നാല്‍, ഏറ്റുമുട്ടലില്‍ പോലിസില്‍ ആര്‍ക്കും പരിക്കില്ലന്ന് സ്ഥിരീകരിച്ചു. രണ്ട് പോലീസുകാര്‍ക്ക് പരിക്കുണ്ടന്ന് നേരത്തെ സംശയമുണ്ടായിരുന്നു. മുപ്പത് അംഗ തണ്ടര്‍ബോള്‍ട്ടിന്റെ സംഘം ഇപ്പോഴും വൈത്തിരി വനത്തില്‍ തിരച്ചില്‍ തുടരുകയാണ്.

