പെരിയ ഇരട്ടക്കൊല: വ്യക്തിവിരോധമെന്ന് ക്രൈംബ്രാഞ്ച്; കുറ്റപത്രം സമര്‍പ്പിച്ചു

കൊലപാതകം നടന്ന് 90ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കൊലപാതകമാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

Update: 2019-05-20 05:20 GMT

കാസര്‍ഗോഡ്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്ന് 90ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കൊലപാതകമാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന്‍ ഒന്നാം പ്രതിയായ പ്രതിപ്പട്ടികയില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവരും ഉള്‍പ്പെടുന്നു. മൊത്തം 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഒന്നാം പ്രതി പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും 9 മുതല്‍ 11 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് കൊലപാതകത്തിന് സഹായങ്ങള്‍ ചെയ്തവരുമാണെന്നാണ് സൂചന. പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ചവരെന്ന് കണ്ടെത്തിയ 12 മുതല്‍ 14 വരെയുള്ള പ്രതികള്‍ക്ക് നേരത്തെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവധിച്ചിരുന്നു.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും കേസിലെ മറ്റ് തൊണ്ടിമുതലുകളും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു. അഞ്ചു കാര്‍, രണ്ടു ജീപ്പ്, അഞ്ചു ബൈക്കുകള്‍ എന്നിവയാണ് ഹാജരാക്കിയ വാഹനങ്ങള്‍. കേസിലെ ഒന്നാംപ്രതി എ പീതാംബരനെ അറസ്റ്റുചെയ്തിട്ട് തിങ്കളാഴ്ച 90 ദിവസം പൂര്‍ത്തിയാവുകയാണ്. 90 ദിവസത്തിനിടെ കുറ്റപത്രം സമര്‍പ്പിച്ചില്ലായിരുന്നുവെങ്കില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പീതാംബരന് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാവുമായിരുന്നു. ഫെബ്രുവരി 17 ന് രാത്രിയാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

Tags:    

Similar News