പേരാമ്പ്ര പള്ളിക്ക് കല്ലേറ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ലഹളയ്ക്ക് ശ്രമിച്ചെന്ന് എഫ്‌ഐആര്‍ ആക്രമണത്തില്‍ 20 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പങ്കാളികള്‍

ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി അഖില്‍ ദാസും കൂട്ടാളികളും പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കാനാണെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

Update: 2019-01-06 12:10 GMT

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞതിന് അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുന്‍ എസ്എഫ്‌ഐ ജില്ലാ നേതാവുമായ പന്നിമുക്ക് മാണിക്കോത്ത് അഖില്‍ദാസിനെതിരായ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി അഖില്‍ ദാസും കൂട്ടാളികളും പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കാനാണെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. 20 ഓളം വരുന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ പങ്കാളികളായി. പ്രതിയും ഒപ്പമുള്ളവരും ചേര്‍ന്ന് പ്രദേശത്ത് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 6.45നാണ് മേപ്പയ്യൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന പേരാമ്പ്ര പള്ളിക്കുനേരെ കല്ലേറുണ്ടായത്. ഇതില്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എഫ്‌ഐആറിന്റെ പകര്‍പ്പ്‌


മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നതിനുള്ള 153 എ വകുപ്പ് ചുമത്തിയാണ് പോലിസ് റിമാന്റ് റിപോര്‍ട്ട് കോടതിയില്‍ നല്‍കിയത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടന്നിരുന്നു. ഈ പ്രകടനത്തിനെതിരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രദേശത്ത് തമ്പടിച്ചിരുന്നു. പേരാമ്പ്ര വടകര റോഡില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് ജുമാ മസ്ജിദിന് നേര്‍ക്ക് കല്ലേറുണ്ടായത്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിനുശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത പോലിസ് വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമാപത്തെ മുസ്‌ലിം ലീഗ് ഓഫിസിന് നേരെയെറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയുടെ തൂണില്‍ പതിച്ചതാണെന്ന സിപിഎം വാദവും പോലിസ് തള്ളി. ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹി കൂടിയാണിയാള്‍. പ്രതിയെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.


Tags:    

Similar News