പാകിസ്താനില്‍ പ്രളയക്കെടുതി തുടരുന്നു; മരണം 1,693 ആയി, 33 ദശലക്ഷത്തിലധികം പേര്‍ ദുരിതത്തില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 പുതിയ മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി (എന്‍ഡിഎംഎ) അറിയിച്ചു. ഇതില്‍ 11 കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

Update: 2022-10-02 08:14 GMT

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 1,693 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 പുതിയ മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി (എന്‍ഡിഎംഎ) അറിയിച്ചു. ഇതില്‍ 11 കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. ബലൂചിസ്താന്‍, പഞ്ചാബ് പ്രവിശ്യകളില്‍ അഞ്ച് മരണങ്ങള്‍ വീതം റിപോര്‍ട്ട് ചെയ്തപ്പോള്‍ സിന്ധ്, ഗില്‍ജിത്ബാള്‍ട്ടിസ്താന്‍ മേഖലകളില്‍ യഥാക്രമം നാലും ഒന്നും മരണമടഞ്ഞതായി അതോറിറ്റി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 12,865 ആയി ഉയര്‍ന്നു. 2,045,349 വീടുകള്‍ നശിച്ചു.

ജൂണ്‍ പകുതി മുതല്‍ കനത്ത മഴയിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും 1,160,078 കന്നുകാലികള്‍ നശിച്ചുവെന്ന് എന്‍ഡിഎംഎ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ 13,074 കിലോമീറ്റര്‍ റോഡും 410 പാലങ്ങളും തകര്‍ന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മൂന്ന് ദശാബ്ദത്തിനിടയില്‍ പെയ്ത ഏറ്റവും ഉയര്‍ന്ന മഴയില്‍ പാകിസ്താനില്‍ ദുരിതത്തിലായത് 33 ദശലക്ഷത്തിലധികം ആളുകളാണ്. 40 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക നാശനഷ്ടമാണുണ്ടായത്. ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പണം ഒരു പ്രതിസന്ധിയായിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

റെക്കോഡ് മണ്‍സൂണ്‍ മഴയും വടക്കന്‍ പര്‍വതങ്ങളിലെ മഞ്ഞുരുകുന്നതും രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തെയും വെള്ളത്തിനടിയിലാക്കി. കാര്‍ഷിക ഭൂമി തുടച്ചുനീക്കപ്പെട്ടു. മിക്കയിടങ്ങളിലും തീവണ്ടി ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് പല വിമാനസര്‍വീസുകളും റദ്ദാക്കി. പാകിസ്താന്റെ ജനസംഖ്യയുടെ ഏഴിലൊന്ന് ആളുകള്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ നരകിക്കുകയാണ്. ഈ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും മാരകമായ പ്രതിസന്ധികളിലൊന്നായി ജലജന്യ രോഗങ്ങളുടെ ഭീഷണിയും ജനങ്ങളെ ദുരിതത്തിലാക്കുന്നു.

പാകിസ്താനിലെ ആറ് പ്രവിശ്യകളില്‍ അഞ്ചിലുമായി 81 ജില്ലകളെ പാകിസ്താന്‍ സര്‍ക്കാര്‍ 'ദുരന്തബാധിതമായി' പ്രഖ്യാപിച്ചിട്ടുണ്ട് ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ, സിന്ധ് പ്രവിശ്യകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. പേയ്‌മെന്റ് ബാലന്‍സ് പ്രതിസന്ധിയും കറന്റ് അക്കൗണ്ട് കമ്മിയും മൂലം പാകിസ്താനിലെ പണപ്പെരുപ്പം 27 ശതമാനത്തിലെത്തി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായതോടെ ഇത് മറികടക്കുന്നതിനായി രാജ്യം അന്താരാഷ്ട്ര പിന്തുണ തേടിയിരിക്കുകയാണ്. ജി20 ഡെബിറ്റ് സര്‍വീസ് സസ്‌പെന്‍ഷന്‍ സംരംഭത്തിന് കീഴിലുള്ള വായ്പാ ഇളവ് നീട്ടുന്നതിനുള്ള കരാറില്‍ പാകിസ്താനിലെ യുഎസ് അംബാസഡര്‍ ഡൊണാള്‍ഡ് ബ്ലോം ഒപ്പുവച്ചതായി യുഎസ് എംബസി ട്വീറ്റ് ചെയ്തു.

Tags: