ഐഎന്‍എക്‌സ് മീഡിയ കേസ്; പി ചിദംബരത്തെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

ചിദംബരത്തിന്റെ കേസ് പരിഗണിച്ച ഡല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ സിബിഐയ്ക്ക് അനുമതി നല്‍കിയത്. ചിദംബരം ചോദ്യംചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അഞ്ചുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യമാണ് സിബിഐ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്.

Update: 2019-08-22 13:30 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ അടുത്ത തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ചിദംബരത്തിന്റെ കേസ് പരിഗണിച്ച ഡല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ സിബിഐയ്ക്ക് അനുമതി നല്‍കിയത്. ചിദംബരം ചോദ്യംചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അഞ്ചുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യമാണ് സിബിഐ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത് കേസിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് സിബിഐ വാദിച്ചു.

എന്നാല്‍, 2018 ജൂണ്‍ ആറിന് ചോദ്യംചെയ്യലിന് ഹാജരായപ്പോള്‍ സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ച ഒരു ചോദ്യത്തിനുപോലും താന്‍ ഉത്തരം നല്‍കാതിരുന്നില്ലെന്ന് ചിദംബരവും അഭിഭാഷകരും കോടതിയില്‍ വാദിച്ചു. കേസ് ഡയറി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശദമായ വാദത്തിനൊടുവില്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കുടുംബത്തിനും അഭിഭാഷകനും ചിദംബരത്തെ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ദിവസവും അരമണിക്കൂര്‍ സമയമാണ് അനുവദിച്ചത്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ബുധനാഴ്ച രാത്രിയാണ് ചിദംബരത്തെ സിബിഐ അറസ്റ്റുചെയ്തത്.

സിബിഐ കോടതിയില്‍ ഹാജരാക്കിയ ചിദംബരത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് സിബിഐ ഉയര്‍ത്തിയത്. ചിദംബരം അധികാരദുര്‍വിനിയോഗം നടത്തിയെന്നും കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് ചിദംബരത്തിന് വാദിക്കാന്‍ കോടതി പ്രത്യേക അനുമതി നല്‍കിയിരുന്നു. സോളിസിറ്റര്‍ ജനറല്‍ ഇതിനെ എതിര്‍ത്തെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു. തനിക്ക് വിദേശബാങ്കില്‍ അക്കൗണ്ടില്ലെന്നും എന്നാല്‍ കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് അക്കൗണ്ട് തുടങ്ങാന്‍ അനുമതിയുണ്ടെന്നും ഇക്കാര്യങ്ങള്‍ സിബിഐയെ അറിയിച്ചിട്ടുണ്ടെന്നും ചിദംബരം കോടതിയില്‍ പറഞ്ഞു.

ചിദംബരത്തെ ചോദ്യംചെയ്യാന്‍ ഒരുതവണ മാത്രമാണ് വിളിപ്പിച്ചതെന്നും അന്ന് അദ്ദേഹം പൂര്‍ണമായും സഹകരിച്ചിരുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ വാദിച്ചു. മറ്റുപ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലുള്ള കേസാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയും ചൂണ്ടിക്കാട്ടി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും കോടതിയില്‍ ഹാജരായിരുന്നു. ബുധനാഴ്ച രാത്രി അറസ്റ്റു ചെയ്ത അദ്ദേഹത്തെ സിബിഐ ആസ്ഥാനത്ത് മൂന്നുമണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.  

Tags:    

Similar News