അഖില്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ പൗരത്വ പ്രക്ഷോഭം ആരംഭിക്കുമെന്ന് അസമിലെ സംഘടനകള്‍

സംസ്ഥാനം രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഡിസംബര്‍ 10ന് സമരം പുനരാരംഭിക്കാനാണ് വിവിധ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

Update: 2021-11-26 06:08 GMT

ഗുവാഹത്തി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സമരം പുനരാരംഭിക്കാന്‍ ആലോചനയുമായി അസമിലെ സംഘടനകള്‍. സംസ്ഥാനത്ത് ഉടന്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും പദ്ധതി തയ്യാറാക്കുന്നതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. 2019 ഡിസംബറില്‍ ആരംഭിച്ച ആന്റി-സിഎഎ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന കൃഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്), ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (എഎഎസ്‌യു), അസോം ജാതിയതാബാദി യുബ ഛത്ര പരിഷത്ത് (എജെവൈസിപി), അസം ദേശീയ പരിഷത്ത് (എജെപി) തുടങ്ങിയ സംഘടനകള്‍ തന്നെയാണ് സമരപരിപാടികള്‍ ആലോചിക്കുന്നത്. സംസ്ഥാനം രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഡിസംബര്‍ 10ന് സമരം പുനരാരംഭിക്കാനാണ് വിവിധ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

സിഎഎ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് യുഎപിഎ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സ്വതന്ത്ര എംഎല്‍എ അഖില്‍ ഗൊഗോയിയാണ് പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. രായ്‌ജോര്‍ ദള്‍, കെഎംഎംഎസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള അഖില്‍ ഗൊഗോയിയാണ് സമരപരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചത്. 'രാഷ്ട്രം ഇപ്പോള്‍ സ്വേച്ഛാധിപത്യ ഫാഷിസത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണ് കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. അത് രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട പോരാട്ടമാണ്. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് ഒരു വര്‍ഷവും 7 മാസവും ഞാന്‍ ജയിലില്‍ കിടന്നു. എന്നെയും എന്റെ സഹപ്രവര്‍ത്തകരെയും എന്‍ഐഎ അറസ്റ്റ് ചെയ്തു. സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും പുനരാരംഭിക്കണമെന്ന് ഞാന്‍ കരുതുന്നു. കാരണം ഈ നിയമം തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് എതിരുമാണ്'- അഖില്‍ ഗൊഗോയ് പറഞ്ഞു. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള 1.90 കോടി ഹിന്ദുക്കള്‍ അസമിലേക്കും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പ്രവേശിക്കുമെന്നും ഇത് ഈ പ്രദേശത്തിന് വലിയ ഭീഷണിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണ് പുതിയ സമരപദ്ധതികള്‍ ആലോചിക്കാന്‍ പ്രചോദനമായതെന്നും നേതാക്കള്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്, സിഎഎ വിരുദ്ധ സമരം കൂടുതല്‍ ശക്തമായി തിരിച്ചുവരേണ്ടതിന്റെ പ്രസക്തി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് എജെപി അധ്യക്ഷനും എഎഎസ്‌യു മുന്‍ ജനറല്‍ സെക്രട്ടറിയുമായ ലൂറിന്‍ജ്യോതി ഗൊഗോയി പറഞ്ഞു. സിഎഎ പിന്‍വലിക്കുന്നതുവരെ പോരാടാന്‍ അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനത പ്രതിജ്ഞാബദ്ധരാണെന്ന് എഎഎസ്‌യു മുഖ്യ ഉപദേഷ്ടാവ് സമുജ്ജല്‍ ഭട്ടാചാര്യയും വ്യക്തമാക്കി.

Tags:    

Similar News