രാജ്യത്ത് 24 മണിക്കൂറിനിടെ 693 പേര്‍ക്കു കൂടി കൊറോണ; ആകെ രോഗികള്‍ 4,067

109 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച മാത്രം 30പേര്‍ മരിച്ചു.

Update: 2020-04-06 12:36 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 4,067 ആയി. കൊറോണ സ്ഥിരീകരിച്ചവരില്‍ 76 ശതമാനവും പുരുഷന്മാരും 24 ശതമാനം പേര്‍ സ്ത്രീകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

109 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച മാത്രം 30പേര്‍ മരിച്ചു. മരിച്ചവരില്‍ 63 ശതമാനം പേരും അറുപതുവയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. 40-60 വയസ്സിനിടെയുള്ള 30 ശതമാനം പേരും കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. 40 വയസ്സില്‍ താഴെയുള്ള ഏഴുശതമാനം പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

ഇതിനോടകം 1,100 കോടിരൂപ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഗുണഫലത്തെ കുറിച്ച് പരിമിതമായ തെളിവുകളാണ് ഉള്ളതെങ്കിലും, കൊവിഡ് 19 രോഗികള്‍ അല്ലെങ്കില്‍ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോകൈ്വന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി. അതേസമയം ഇത് കമ്യൂണിറ്റി തലത്തില്‍ ഉപയോഗിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് സർക്കാർ ഓർഡർ നല്കി. കൊവിഡ് തീവ്രബാധിത മേഖലകളിൽ പ്രത്യേക നിരീക്ഷണത്തിന് സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ നിർദേശങ്ങളോട് എല്ലാവരും സഹകരിക്കണം. എല്ലാവരും സമൂഹ അകലം പാലിക്കണം. വീട്ടിൽ നിർമ്മിക്കുന്ന മുഖാവരണം ധരിക്കണം. സമൂഹവ്യാപനം തടയുക എന്നത് തന്നെയാണ് പ്രധാനമെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ വ്യക്തമാക്കി. 

Tags: