കര്‍ണാടകയില്‍ നാടകം തുടരുന്നു; എട്ട് എംഎല്‍എമാരുടെ രാജി സ്പീക്കര്‍ തള്ളി

എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്ത് ശരിയായ രീതിയില്‍ അല്ലെന്നും ശരിയായ രൂപത്തിലുള്ള പുതിയ രാജിക്കത്ത് നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

Update: 2019-07-09 11:19 GMT

ബംഗളൂരു: രാജിവച്ച 14 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരില്‍ എട്ടു പേരുടെ രാജി കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ തള്ളി. എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്ത് ശരിയായ രീതിയില്‍ അല്ലെന്നും ശരിയായ രൂപത്തിലുള്ള പുതിയ രാജിക്കത്ത് നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

വിവേകപൂര്‍ണമായ ഒരു തീരമാനം താന്‍ എടുക്കേണ്ടതുണ്ട്. താന്‍ എടുക്കുന്ന ഓരോ ചുവടും ചരിത്രമാവും. അതുകൊണ്ട് തന്നെ യാതൊരു അബദ്ധവും വരാന്‍ പാടില്ല. ഭാവി ജനത തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തരുത്-കുമാര്‍ പറഞ്ഞു.

രാജി സ്വീകരിച്ച അഞ്ച് എംഎല്‍എമാര്‍ വെള്ളിയാഴ്ച്ചയോ തിങ്കളാഴ്ച്ചയോ തന്നെ നേരില്‍ കാണണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. 13 മാസം പ്രായമായ ജനതാദള്‍-കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസമാണ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചത്. ഇന്ന് രാജിസമര്‍പ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗിന്റെ കത്തും സ്പീക്കര്‍ പരിശോധിച്ചുവരികയാണ്.

വിമതരെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാരിനെ രക്ഷിക്കുന്നതിന്റെ ഭാഗമായി 30 മന്ത്രിമാരും(21 കോണ്‍ഗ്രസ് മന്ത്രിമാരും 9 ജനതാദള്‍ മന്ത്രിമാരും) തിങ്കളാഴ്ച്ച രാജിവച്ചിരുന്നു. മുഖ്യമന്ത്രി കുമാരസ്വാമി പുതിയ മന്ത്രിസഭ ഉടന്‍ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

വീണ്ടും രാജിക്കത്ത് സമര്‍പ്പിക്കണമെന്ന സ്പീക്കറുടെ ആവശ്യം ഭരണസഖ്യത്തിന് ആശ്വാസം പകരുന്നതാണ്. രാജിവച്ചവരെ കൂടെ നിര്‍ത്തി ഭരണം പിടിക്കാന്‍ ബിജെപിയും ഏത് വിധേനയും സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഭരണപക്ഷവും എല്ലാ വഴികളും പരീശോധിക്കുന്നതിനിടെയാണ് സ്പീക്കറുടെ തീരുമാനം.  

Tags:    

Similar News