ആശങ്ക ഒഴിയുന്നില്ല; ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി

Update: 2022-01-04 06:16 GMT

പാരീസ്: ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഭീതി വിതച്ചുകൊണ്ടിരിക്കെ ഫ്രാന്‍സില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. മാഴ്‌സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പുതിയ വകഭേദത്തിന് വേരിയന്റ് ഐഎച്ച്‌യു (ബി. 1.640.2) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പുതിയ വകഭേദം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാക്‌സിനുകളെ അതിജീവിക്കാന്‍ പുതിയ വൈറസിന് ശേഷിയുണ്ടെന്നാണ് കരുതുന്നതെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഒമിക്രോണിനേക്കാള്‍ കൂടുതല്‍ മാരകമാണ് ഇതെന്നാണ് കണ്ടെത്തല്‍.

പുതിയ വകഭേദത്തിന് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക പഠനങ്ങളില്‍ വ്യക്തമാവുന്നത്. കഴിഞ്ഞ മാസമാണ് പുതിയ വകഭേദം കണ്ടെത്തിയതെങ്കലും ബി.1.640.2 എന്ന വകഭേദത്തെ അന്താരാഷ്ട്ര ആരോഗ്യവിദഗ്ധര്‍ ശ്രദ്ധിച്ചതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണുമായി യാത്രാപശ്ചാത്തലമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദത്തിനു കൊവിഡ് 19 പരത്തുന്ന ആല്‍ഫ വകഭേദത്തെ അപേക്ഷിച്ച് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വാക്‌സിനുകളെ അതിജീവിക്കാന്‍ കൂടുതല്‍ ശേഷിയുണ്ടെങ്കിലും ഈ വകഭേദം അതിവേഗം കൂടുതല്‍ പേരിലേയ്ക്ക് എത്തുന്നില്ലെന്നത് ആശ്വാസവാര്‍ത്തയാണ്. കാമറൂണില്‍ പോയ ശേഷം തിരികെ എത്തിയ ഒരു വ്യക്തിയിലും ഇയാളുമായി സമ്പര്‍ക്കമുണ്ടായ മറ്റുള്ളവരിലുമാണ് രോഗം സ്ഥിരീകരിച്ചത്. വിശദമായ പരിശോധനയില്‍ ഇത് വ്യത്യസ്തമായ വകഭേദമാണെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം, പുതിയ വകഭേദത്തിന്റെ രോഗതീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളില്‍ ശാസ്ത്രീയമായ വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം, B.1.640.2 മറ്റ് രാജ്യങ്ങളില്‍ കണ്ടെത്തുകയോ ലോകാരോഗ്യസംഘടന ഇത് പട്ടികയില്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.

Tags:    

Similar News