രാജ്യം യുദ്ധത്തിലേക്കോ? കശ്മീരില്‍ 100 കമ്പനി പട്ടാളം ഇറങ്ങി; അരിച്ചു പെറുക്കി സൈന്യം; കൂട്ട അറസ്റ്റ്

കശ്മീര്‍ സംഘടനകള്‍ക്കെതിരേ അധികൃതര്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ്. 130 ഓളം പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമാഅത്തിന്റേയും ഹൂര്‍റിയത്ത് കോണ്‍ഫ്രന്‍സിന്റെയും ഉന്നത നേതാക്കളായ അബ്ദുല്‍ ഹാമിദ് ഫയാസും യാസീന്‍ മാലികും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

Update: 2019-02-23 12:05 GMT

ശ്രീനഗര്‍: കശ്മീരി സംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കഴിഞ്ഞ ദിവസം രാത്രിയോടെ ആരംഭിച്ച അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ തുടരുന്നതിനിടെ വിവിധ അര്‍ധസൈനിക വിഭാഗത്തില്‍നിന്നുള്ള പത്തായിരത്തോളം സൈനികരെ കേന്ദ്രം ജമ്മു കശ്മീരിലേക്കയച്ചു. 100 കമ്പനി പട്ടാളമാണ് വെള്ളിയാഴ്ച രാത്രിയോടെ വിമാനമാര്‍ഗം ശ്രീനഗറിലെത്തിയത്. വന്‍ തോതില്‍ സൈന്യത്തെ സംസ്ഥാനത്തേക്കെത്തിച്ചത് യുദ്ധനീക്കമാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

ശ്രീനഗറിലെത്തിയത് 100 കമ്പനി സൈനികര്‍


100 കമ്പനി സൈനികരെ കശ്മീരില്‍ വിന്യസിക്കാനാണ് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. തൊട്ടുപിന്നാലെ വിമാനമാര്‍ഗം ശ്രീഗനറില്‍ പട്ടാളം എത്തി. സിആര്‍പിഎഫിന്റെ 45ഉം ബിഎസ്എഫിന്റെ 35ഉം, എസ്എസ്ബിന്റെയും ഐടിബിപിയുടേയും പത്തുവീതം കമ്പനികളാണ് ഇവിടെയെത്തിയത്. സൈനിക വിന്യാസത്തിന് സിആര്‍പിഎഫ് പദ്ധതി തയ്യാറാക്കണം എന്നാണ് ആഭ്യന്തരമന്ത്രാലയം ഇറക്കിയ കത്തില്‍ പറയുന്നത്. എന്നാല്‍ എന്താണ് ഇത്രയും അധികം സൈനികരെ പൊടുന്നനെ വിന്യസിക്കാനുള്ള കാരണം എന്ന് കത്തില്‍ വിശദീകരിക്കുന്നില്ല.

കൂട്ട അറസ്റ്റ് തുടരുന്നു



 


കശ്മീര്‍ സംഘടനകള്‍ക്കെതിരേ അധികൃതര്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ്. 130 ഓളം പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി (കശ്മീര്‍), ഹൂര്‍റിയത്ത് കോണ്‍ഫ്രന്‍സ് എന്നീ സംഘടനകളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരില്‍ ഏറെയും. ജമാഅത്തിന്റേയും ഹൂര്‍റിയത്ത് കോണ്‍ഫ്രന്‍സിന്റെയും ഉന്നത നേതാക്കളായ അബ്ദുല്‍ ഹാമിദ് ഫയാസും യാസീന്‍ മാലികും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

അനന്ദ്‌നാഗ്, പഹല്‍ഗാം, ദിയല്‍ഗാം തുടങ്ങി തെക്കന്‍ കശ്മീരില്‍ നിന്നാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഫയാസിനെ കൂടാതെ ജമാഅത്ത് വക്താവ് അഡ്വ. സാഹിദ് അലി, മുന്‍ സെക്രട്ടറി ജനറല്‍ ഗുലാം ഖാദിര്‍ ലോണ്‍, ഇസ്ലാമാബാദ് ജില്ലാ അമീര്‍ അബ്ദുല്‍ റഊഫ്, പഹല്‍ഗാം നേതാവ് മുദസ്സില്‍ അഹ്മദ്, ദിയല്‍ഗാം നേതാവ് അബ്ദുല്‍ സലാം, ഭക്തവര്‍ അഹ്മദ്, ത്രാലിലെ മുഹമ്മദ് ഹയാത്ത്, ചദൂറയിലെ ബിലാല്‍ അഹ്മദ്, ചക് സഗ്രണിലെ ഗുലാം മുഹമ്മദ് ദര്‍ എന്നീ പ്രമുഖരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

രണ്ടുദിവസങ്ങളില്‍ കശ്മീര്‍ താഴ്‌വരയില്‍ വ്യാപക അറസ്റ്റ് നടക്കുകയാണെന്ന് ജമാഅത്ത് നേതാക്കള്‍ കുറ്റപ്പെടുത്തി. മേഖലയില്‍ അസ്ഥിരതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അറസ്റ്റിനെ അപലപിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രതിസന്ധി രൂക്ഷമാക്കുമെന്ന് മെഹ്ബൂബ മുഫ്തി


അറസ്റ്റ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി മുന്നറിയിപ്പ് നല്‍കി. ഇത്തരം അറസ്റ്റിന് നിയമ പിന്‍ബലമുണ്ടോ? നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ അയാളുടെ ആശയങ്ങളെ തടവിലിടാന്‍ സാധിക്കുമോ എന്നും മെഹ്ബൂബ ചോദിച്ചു.

അറസ്റ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ?



ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് അറസ്റ്റ് എന്നാണ് പോലിസ് വാദം. മുമ്പ് തിരഞ്ഞെടുപ്പ് നടന്ന വേളകളിലും ഇത്തരം അറസ്റ്റ് നടന്നിട്ടുണ്ടെന്ന് പോലിസ് ഓഫിസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News