ജുമുഅ നമസ്‌കാരവും പ്രതിരോധവും; നജ്മല്‍ ബാബുവിന്റെ ഓര്‍മയില്‍ കൊടുങ്ങല്ലൂര്‍

നജ്മല്‍ ബാബു വിടവാങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നതിന്റെ ഓര്‍മയിലാണ് മീഡിയ ഡയലോഗ് സെന്റര്‍ ജുമുഅ നമസ്‌കാരവും പ്രതിരോധ സംഗമവും നടത്തി കൊടുങ്ങല്ലൂരില്‍ ഒത്തു ചേര്‍ന്നത്. ജുമുഅ നമസ്‌കാരത്തിന് നൗഷാദ് ബാബു നേതൃത്വം നല്‍കി.

Update: 2019-10-11 13:14 GMT

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ചേരമന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടത്തണമെന്ന ആഗ്രഹം സഫലമാകാതെ വിടവാങ്ങിയ നജ്മല്‍ ബാബുവിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രതിരോധ സംഗമം തീര്‍ത്ത് കൊടുങ്ങല്ലൂര്‍. നജ്മല്‍ ബാബു വിടവാങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നതിന്റെ ഓര്‍മയിലാണ് മീഡിയ ഡയലോഗ് സെന്റര്‍ ജുമുഅ നമസ്‌കാരവും പ്രതിരോധ സംഗമവും നടത്തി കൊടുങ്ങല്ലൂരില്‍ ഒത്തു ചേര്‍ന്നത്. ജുമുഅ നമസ്‌കാരത്തിന് നൗഷാദ് ബാബു നേതൃത്വം നല്‍കി. ജുമഅ നമസ്‌കാരത്തിന് ശേഷം 'ഇനി എങ്ങനെ ഫാഷിസത്തെ പ്രതിരോധിക്കാം' എന്ന വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചു.

'നജ്മലിനൊപ്പം മര്‍ദിതര്‍ക്കൊപ്പം' എന്ന ഹാഷ് ടാഗില്‍ നടത്തിയ ചര്‍ച്ചയില്‍ മൂന്നാര്‍ തോട്ടം തൊഴിലാളി സമര നായിക ഗോമതി അക്ക, സി എ അജിതന്‍, എസ്ഡിപിഐ നേതാക്കളായ വി എം ഫൈസല്‍, ഷെമീര്‍ ബ്രോഡ് വേ, വെല്‍ഫെയര്‍പാര്‍ട്ടി നേതാവ് ശ്രീജ നെയ്യാറ്റിന്‍കര, മാധ്യമ പ്രവര്‍ത്തകന്‍ ബി എസ് ബാബുരാജ്, സമദ് കുന്നത്ത്കാവ്, ജിഐഒ ജില്ലാ പ്രസിഡന്റ് ഹുസ്‌ന, സിപിഐ എംഎല്‍ ലിബറേഷന്‍ നേതാവ് കെ എം വേണുഗോപാല്‍, ആദര്‍ശ് അനിയില്‍ സംസാരിച്ചു. തുടര്‍ന്ന് രാഷ്ട്രീയ ആല്‍ബങ്ങളുടെ പ്രദര്‍ശനം നടന്നു.

2018 ഒക്ടോബര്‍ രണ്ടിനാണ് നജ്മല്‍ ബാബു മരിച്ചത്. മരിക്കുന്നതിന്റെ മൂന്നുവര്‍ഷം മുമ്പാണു ടി എന്‍ ജോയ് ഇസ്‌ലാം മതത്തിലേക്കു മാറി നജ്മല്‍ ബാബു എന്ന പേര് സ്വീകരിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നീട് കൊടുങ്ങല്ലൂര്‍ ചേരമന്‍ ജുമാമസ്ജിദില്‍ മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അദ്ദേഹം പള്ളിക്കമ്മിറ്റിക്കാര്‍ക്ക് അപേക്ഷയും നല്‍കിയിരുന്നു. പള്ളിക്കമ്മിറ്റിക്കാര്‍ ഇത് അംഗീകരിച്ചെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ നജ്മല്‍ ബാബുവിന്റെ ആഗ്രഹത്തിന് വിപരീതമായ തീരുമാനമാണ് അദ്ദേഹത്തിന്റെ മരണശേഷം ബന്ധുക്കളും കൊടുങ്ങല്ലൂരിലെ അധികാര കേന്ദ്രങ്ങളും കൈക്കൊണ്ടത്. ഏറെ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ നജ്മല്‍ബാബു എന്ന ടി എന്‍ ജോയിയുടെ ഭൗതിക ശരീരം വൈകിട്ട് ആറിനു സഹോദരന്‍ ടി എന്‍ മോഹനന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഫാഷിസത്തോട് സന്ധിയില്ലാ സമരം നയിച്ച ജോയിക്ക് ഉചിതമായ അന്ത്യ വിശ്രമം ഒരുക്കുന്നതില്‍ കൊടുങ്ങല്ലൂര്‍ പരാജയപ്പെട്ടു. തന്റെ അഭിലാഷം പോലെ ജോയിയുടെ ശരീരം ചേരമന്‍ പള്ളിയില്‍ അടക്കണമെന്ന ആവശ്യത്തിന് ചെവിക്കൊടുക്കാന്‍ ജനപ്രതിനിധികളാരും തയാറായില്ല. സവര്‍ണതയുടെ ഭാഗമായ ഹിന്ദുത്വ ഫാഷിസത്തിനെതിരായാണ് താന്‍ ഇസ്‌ലാം മതാശ്ലേഷം നടത്തിയതെന്നായിരുന്നു പലപ്പോഴും ടി എന്‍ ജോയ് പ്രതികരിച്ചിരുന്നത്. ഫാഷിസത്തിനെതിരേ അനുരഞ്ജനം ആത്മഹത്യാപരമാണെന്നാണ് അദ്ദേഹം വിശ്വസിച്ചത്.

Tags:    

Similar News