ജാതി മാറി വിവാഹം ചെയ്തു; പൊരിവെയിലില്‍ ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ച് യുവതിയോട് ഗ്രാമീണരുടെ ക്രൂരത
മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ദേവിഗര്‍ ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരുടെ സമ്മതമില്ലാതെ താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരിലായിരുന്നു ഗ്രാമീണര്‍ യുവതിക്ക് പ്രാകൃതമായ ശിക്ഷ വിധിച്ചത്.
ഭോപ്പാല്‍: ജാതി മാറി യുവാവിനെ വിവാഹം ചെയ്തതിന് ഗ്രാമീണര്‍ യുവതിയെക്കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ദേവിഗര്‍ ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരുടെ സമ്മതമില്ലാതെ താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരിലായിരുന്നു ഗ്രാമീണര്‍ യുവതിക്ക് പ്രാകൃതമായ ശിക്ഷ വിധിച്ചത്.
ചുട്ടുപൊള്ളുന്ന വെയിലില്‍ വരണ്ടുണങ്ങിയ മണ്ണിലൂടെ ആള്‍ക്കൂട്ടം പെണ്‍കുട്ടിയെ നടത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കൈകളില്‍ വടികളുമായി ചുറ്റുംകൂടി നില്‍ക്കുന്നവരെയും ദൃശ്യങ്ങളില്‍ കാണാം. 20 വയസിനടുത്ത് പ്രായം തോന്നിക്കുന്ന യുവതിയെ ചെരിപ്പുപോലും ഇടാന്‍ അനുവദിക്കാതെയായിരുന്നു ചുട്ടുപൊള്ളുന്ന വെയിലില്‍ നടത്തിച്ചത്. യുവതിക്ക് ചുറ്റുംകൂടിയ ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ ആക്രോശിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഭര്‍ത്താവിനെ ചുമലിലേറ്റിയ യുവതി ഒരടിപോലും നടക്കാനാവാതെ ബുദ്ധിമുട്ടുമ്പോള്‍ ആള്‍ക്കൂട്ടം മുന്നോട്ടുപോവാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാം. യുവതി വീഴാന്‍ പോവുമ്പോള്‍ ആരും സഹായത്തിനെത്തുകയോ ശിക്ഷ മതിയെന്ന് പറയുകയോ ചെയ്യുന്നില്ല. യുവതിയുടെയും യുവാവിന്റെയും വീഡിയോയും ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു. വീഡിയോയിലുള്ള കണ്ടാലറിയാവുന്നവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ജബുവ എസ്‌ഐ ബി വിനീത് ജയിന്‍ അന്വേഷണ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
