ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: നടന്നത് ആസൂത്രിത ഗൂഢാലോചന; ആശിഷ് മിശ്രക്ക് കുരുക്ക് മുറുക്കി എസ്‌ഐടി

Update: 2021-12-14 09:21 GMT

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രക്ക് കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സമിതി(എസ്‌ഐടി) റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ അറസ്റ്റിലായ 13 പ്രതികള്‍ക്കെതിരേ കൊലപാതകശ്രമത്തിന് കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയെ സമീപിച്ചു. കേസിലെ മുഖ്യപ്രതിയാണ് ആശിഷ്.

പ്രത്യേക അന്വേഷണ സമിതിയുടെ ആദ്യഘട്ട അന്വേഷണത്തില്‍ ലഖിംപൂര്‍ ഖേരിയിലേത് അപകടമാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയിരുന്നു. എന്നാല്‍, വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുകയും കര്‍ശനമായ അന്വേഷമം വേണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ലഖിംപൂര്‍ ഖേരി സിജെഎം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. ആസൂത്രിത ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നും ആസൂത്രിത കൊലപാതകമാണെന്ന ദിശയിലേക്കാണ് കാര്യങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്‌ഐടി കോടതിയില്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് മാധ്യമ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി ഉള്‍പ്പടേയുള്ള പ്രതികള്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് എസ്‌ഐടി ഉന്നയിക്കുന്നത്.

സംഭവം ബോധപൂര്‍വമായ നടപടിയാണെന്നും അശ്രദ്ധകൊണ്ടോ അപകടമോ അല്ലെന്നും ഹിന്ദിയില്‍ എഴുതിയ കത്തില്‍ എസ്‌ഐടി അന്വേഷണ ഉദ്യോഗസ്ഥന്‍ വിദ്യാറാം ദിവാകര്‍ പറയുന്നു.

ലഖിംപൂര്‍ ഖേരിയിലെ ബൂല്‍ഗര്‍ഹിയില്‍ വെച്ച് ആശിഷ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിച്ച് നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. അതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാലു പേര്‍ കൂടി കൊല്ലപ്പെട്ടു. കേസ് അന്വേഷണത്തില്‍ മന്ത്രിയുടെ മകനെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കേസില്‍ സുപ്രിംകോടതി നേരിട്ട് ഇടപെട്ടു. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ റിട്ടയേഡ് ജഡ്ജി രാകേഷ് കുമാര്‍ ജെയിനെ സുപ്രിംകോടതി നിയമിച്ചു. പഞ്ചാബ്ഹരിയാന ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയാണ് ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്‍. കേസന്വേഷണത്തില്‍ സുതാര്യതയും നീതിയും സമ്പൂര്‍ണ്ണ നിഷ്പക്ഷതയും ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെയും സുപ്രിംകോടതി പുനസ്സംഘടിപ്പിച്ചു. മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തി. എസ് ബി ഷിരോദ്കര്‍, ദീപീന്ദര്‍ സിങ്, പദ്മജ ചൗഹാന്‍ എന്നിവരെയാണ് പുതുതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

Tags:    

Similar News