ഹാഥ്‌റസ് യുഎപിഎ കേസ്: മുഹമ്മദ് ആലം ജയില്‍മോചിതനായി

Update: 2023-01-05 11:31 GMT

ലഖ്‌നോ: ഹാഥ്‌റസ് യുഎപിഎ കേസില്‍ ഉത്തര്‍പ്രദേശ് പോലിസ് ജയിലില്‍ അടച്ച മുഹമ്മദ് ആലം (31) ജയില്‍മോചിതനായി. രണ്ടുമാസം മുമ്പ് യുഎപിഎ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചെങ്കിലും നടപടിക്രമങ്ങളിലെ കാലതാമസംമൂലം പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. യുപി അലഹബാദ് ഹൈക്കോടതിയാണ് മുഹമ്മദ് ആലമിന് ജാമ്യം അനുവദിച്ചിരുന്നത്. 823 ദിവസത്തെ തടങ്കല്‍ വാസത്തിനുശേഷം ഇന്ന് രാവിലെയാണ് ലഖ്‌നോ ജയിലില്‍ നിന്ന് ആംല പുറത്തിറങ്ങിയത്.

ആലമിന്റെ അഭിഭാഷകന്‍ ഷീരന്‍ അലവി മക്തൂബിനോട് ജയില്‍മോചനം സ്ഥിരീകരിച്ചു. ഹാഥ്‌റസ് കൂട്ടബലാല്‍സംഗ കൊലക്കേസില്‍ വാര്‍ത്താ റിപോര്‍ട്ടിങ്ങിന് പോകവെ യുപി പോലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനടക്കമുള്ളവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായിരുന്നു ആലം. ഹാഥ്‌റസ് ഗൂഢാലോചന കേസില്‍ രണ്ട് വര്‍ഷത്തിലേറെയായി ജയിലിലായിരുന്നു ആലം. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ യുഎപിഎ കേസില്‍ ജാമ്യവും രണ്ട് മാസം മുമ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മറ്റൊരു ജാമ്യവും നേടിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മോചനത്തിന് അഭൂതപൂര്‍വമായ കാലതാമസമുണ്ടായെന്ന് അഭിഭാഷകര്‍ പറഞ്ഞു.

2020 ഒക്ടോബര്‍ 5 നാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, അതികുര്‍ റഹ്മാന്‍, മസൂദ് ഖാന്‍ എന്നിവര്‍ക്കൊപ്പം ആലമും അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് കുറ്റകരമായ വസ്തുക്കളോ തെളിവുകളോ കണ്ടെടുത്തിട്ടില്ലെന്നും യുഎപിഎ കേസില്‍ ജാമ്യം നല്‍കുന്നതിനിടെ അലഹബാദ് ഹൈക്കോടതിയുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ആലം 'ഒന്നും ചെയ്യാതെ 2 വര്‍ഷത്തിലേറെയായി ജയിലില്‍ കിടന്നു' എന്നും അദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റ ആലം (30) ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആലമിന് വേണ്ടി അഭിഭാഷകരായ അമര്‍ജീത് സിങ് രഖ്‌റ, ബാഷിത് മുനി മിശ്ര, ഷീറന്‍ മുഹിയുദ്ദീന്‍ അലവി, സായിപ്പന്‍ ഷെയ്ഖ് എന്നിവര്‍ ഹാജരായി. യുഎപിഎ കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു.

Tags: