മതംമാറ്റം തടയല്‍ ലക്ഷ്യമിട്ട് വിവാദ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

മതംമാറ്റം തടയുകയെന്ന ലക്ഷ്യത്തോടെ 'നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം' കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായാണു ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

Update: 2019-08-10 15:34 GMT

ന്യൂഡല്‍ഹി: യുഎപിഎ, എന്‍ഐഎ, മുത്തലാഖ്, കശ്മീര്‍ വിഭജനം, വിവരാവകാശ ഭേദഗതി തുടങ്ങിയവയ്ക്കു ശേഷം വീണ്ടും കേന്ദ്രസര്‍ക്കാര്‍ വിവാദബില്ലുമായി വരുന്നതായി സൂചന. മതംമാറ്റം തടയുകയെന്ന ലക്ഷ്യത്തോടെ 'നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം' കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായാണു ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടുവരുമെന്നാണു സൂചന. ഏതു രീതിയിലുള്ള മതംമാറ്റത്തെയും നിര്‍ബന്ധിത മതംമാറ്റമായി ചിത്രീകരിക്കാനും കര്‍ശന ശിക്ഷ ഉറപ്പാക്കാനും കഴിയുന്ന വിധത്തിലായിരിക്കും ബില്ല് അവതരിപ്പിക്കുകയെന്നാണു സൂചനകള്‍. നേരത്തേ, ഇതര മതത്തില്‍പെട്ടവര്‍ പ്രണയിച്ചു വിവാഹിതരായ സംഭവത്തെ പോലും ലൗ ജിഹാദെന്ന കുപ്രചാരണം നടത്തി വേട്ടയാടിയിരുന്നു. മിശ്രവിവാഹിതര്‍ തമ്മിലുള്ള പിണക്കങ്ങളെ പോലും ലഹ് ജിഹാദെന്നു വ്യാജ പരാതി നല്‍കി നിരവധി മുസ് ലിം യുവാക്കള്‍ക്കും കുടുംബങ്ങള്‍ ജോലിയും മറ്റും നഷ്ടപ്പെട്ട സംഭവവും ഉണ്ടായിരുന്നു. പലയിടത്തും ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകരെയും മറ്റും ആക്രമിക്കുന്ന സംഭവങ്ങളും അരങ്ങേറിയിരുന്നു.

    രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവാദ ബില്ലുകള്‍ കാര്യമായ ചര്‍ച്ചകള്‍ക്കു പോലും സമയം അനുവദിക്കാതെ പാസ്സാക്കുകയാണ്. പ്രതിപക്ഷമാവട്ടെ ഏകോപനമില്ലാതെ പല ചര്‍ച്ചകളിലും ചിതറിക്കിടക്കുകയാണ്. പാര്‍ലിമെന്റില്‍ മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ ബില്ലുകള്‍ പാസാക്കിയെടുക്കാനാവുന്നുണ്ടെന്നതും പ്രതിപക്ഷം ദുര്‍ബലമാണെന്നതുമാണ് ഇത്തരം ബില്ലുകള്‍ അതിവേഗം അവതരിപ്പിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തിടുക്കം കാട്ടുന്നതെന്നാണു സൂചന. എന്‍ഐഎയ്ക്കു അമിതാധികാരം, യുഎപിഎ ഭേദഗതി തുടങ്ങിയ ബില്ലുകള്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോവുകയോ അനുകൂലിക്കുകയോ ആണു ചെയ്തത്. എന്‍ഡിഎയ്ക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും ഇത്തരം ഘട്ടത്തില്‍ അനുകൂലമായി വോട്ടുവീണതിനാലാണ് പുതിയ ബില്ലുകള്‍ കൊണ്ടുവരാന്‍ നീക്കം നടത്തുന്നതെന്നാണു സൂചന. 17ാം ലോക്‌സഭയുടെ ഒന്നാം സെഷനില്‍ 30 ഓളം ബില്ലുകള്‍ പാസാക്കിയിരുന്നു. അതിനിടെ, പാര്‍ലിമെന്റിനു പുതിയ കെട്ടിടം പരിഗണനയിലാണെന്നു സ്പീക്കര്‍ ഓംബിര്‍ല പറഞ്ഞു. പുതിയ ഇന്ത്യ എന്ന ആശയത്തിലേക്ക് എത്തുമ്പോഴേക്കും പാര്‍ലിമെന്റിനു പുതിയ കെട്ടിടം വേണമെന്ന് നിരവധി പാര്‍ലിമെന്റംഗങ്ങളും അഭ്യുദയകാംക്ഷികളും ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.







Tags: