ആള്‍ക്കൂട്ട ആക്രമണം: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നോട്ടീസ്

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശിച്ച ചട്ടങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്

Update: 2019-07-26 09:14 GMT

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരണം തേടി സുപ്രിംകോടതി കേന്ദ്രസര്‍ക്കാരനും 10 സംസ്ഥാനങ്ങളോടും നോട്ടീസ് അയച്ചു. ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശിച്ച ചട്ടങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്. കേന്ദ്രസര്‍ക്കാര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ 10 സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസയച്ചത്.

    ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും തടയാന്‍ നേരത്തേ സുപ്രിംകോടതി ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല, ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇവയൊന്നും കേന്ദ്ര സര്‍ക്കാരോ സംസ്ഥാനങ്ങളോ പാലിക്കുന്നില്ലെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പശുവിന്റെ പേരിലും മറ്റും രാജ്യത്ത് ആള്‍ക്കൂട്ടം ചമഞ്ഞ് ഹിന്ദുത്വര്‍ തല്ലിക്കൊല്ലുന്നതും ആക്രമിക്കുന്നതും വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹരജി നല്‍കിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ കഴിഞ്ഞദിവസം 49 പ്രമുഖ വ്യക്തികള്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റിനു വേണ്ടി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയ തെഹ്‌സീന്‍ പൂനെവാല, രാജ്യത്ത് ഈയിടെ പശുവിന്റെയും മറ്റും പേരില്‍ ദലിതുകളെയും മുസ്‌ലിംകളെയും ആള്‍ക്കൂട്ടം ചമഞ്ഞ് ആക്രമിച്ചതിനെ കുറിച്ചുള്ള വിവരങ്ങളും നല്‍കിയിട്ടുണ്ട്.



Tags:    

Similar News