'മാധ്യമങ്ങള്‍ കംഗാരു കോടതികളായി പ്രവര്‍ത്തിക്കുന്നു', ജഡ്ജിമാര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ കാംപയിന്‍; രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

അച്ചടിമാധ്യമങ്ങള്‍ക്ക് ഇപ്പോഴും കുറച്ചുവിശ്വാസ്യതയുണ്ട്. എന്നാല്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് തീരെ വിശ്വാസ്യതയില്ല. കാരണം അവര്‍ കാണിക്കുന്നതെല്ലാം വായുവില്‍ അപ്രത്യക്ഷമാവുകയാണ്.

Update: 2022-07-23 09:08 GMT

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. മാധ്യമങ്ങള്‍ കംഗാരു കോടതികളായി പ്രവര്‍ത്തിക്കുകയാണെന്നും ടിവി ചര്‍ച്ചകളിലെയും സോഷ്യല്‍ മീഡിയയിലെയും 'കംഗാരു കോടതികള്‍' രാജ്യത്തെ പിന്നോട്ടുകൊണ്ടുപോവുകയാണെന്ന് ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച് മുന്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തിനെതിരേ ഈ മാസമാദ്യം സുപ്രിംകോടതിയില്‍ നിന്നുണ്ടായ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

ജഡ്ജിമാര്‍ക്കെതിരേ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ കൂട്ടായ കാംപയിനാണ് നടക്കുന്നത്. ജഡ്ജിമാര്‍ക്ക് പെട്ടെന്ന് പ്രതികരിക്കാനാവില്ല. അത് നിസ്സഹായതയോ ദൗര്‍ബല്യമോ ആയി തെറ്റിദ്ധരിക്കരുത്- റാഞ്ചിയിലെ അക്കാദമിക് പരിപാടിയില്‍ പ്രഭാഷണം നടത്തവെ ജസ്റ്റിസ് രമണ പറഞ്ഞു. നവമാധ്യമങ്ങള്‍ക്ക് വലിയ തോതില്‍ പ്രചാരണം നല്‍കാനുള്ള കഴിവുണ്ട്. എന്നാല്‍, ശരിയും തെറ്റും, നല്ലതും ചീത്തയും, യാഥാര്‍ഥ്യവും വ്യാജവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ല. മാധ്യമവിചാരണകള്‍ കേസ് തീര്‍പ്പാക്കുമ്പോള്‍ അത് മാനദണ്ഡമാവാറില്ല.

മാധ്യമങ്ങള്‍ കംഗാരു കോടതികള്‍ നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില സമയങ്ങളില്‍ അനുഭവപരിചയമുള്ള ജഡ്ജിമാര്‍ക്കുപോലും തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടാണ്. നീതി നിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവരമില്ലാത്തതും അജണ്ട അടിസ്ഥാനമാക്കിയുള്ളതുമായ സംവാദങ്ങള്‍ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകര്‍ക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നീതി വിതരണത്തെ പ്രതികൂലമായി ബാധിക്കും.

നിങ്ങള്‍ ഉത്തരവാദിത്തം ലംഘിക്കുന്നതിലൂടെ, നിങ്ങള്‍ തങ്ങളുടെ ജനാധിപത്യത്തെ രണ്ടടി പിന്നോട്ടുകൊണ്ടുപോവുന്നു- ചീഫ് ജസ്റ്റിസ് ഓര്‍മപ്പെടുത്തി. അച്ചടിമാധ്യമങ്ങള്‍ക്ക് ഇപ്പോഴും കുറച്ചുവിശ്വാസ്യതയുണ്ട്. എന്നാല്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് തീരെ വിശ്വാസ്യതയില്ല. കാരണം അവര്‍ കാണിക്കുന്നതെല്ലാം വായുവില്‍ അപ്രത്യക്ഷമാവുകയാണ്. സോഷ്യല്‍ മീഡിയയുടെ അവസ്ഥ അതിലും മോശമാണ്.

മാധ്യമങ്ങള്‍ക്ക് സ്വയം നിയന്ത്രണം വേണമെന്ന് അഭ്യര്‍ഥിക്കുന്നു. മാധ്യമങ്ങള്‍ അവരുടെ വാക്കുകള്‍ സ്വയം നിയന്ത്രിക്കുകയും അളക്കുകയും ചെയ്യുന്നതാണ് നല്ലത്.ഇലക്ട്രോണിക് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഉത്തരവാദിത്തത്തോടെ പെരുമാറണം. ജനങ്ങളെ ബോധവല്‍ക്കരിക്കാനും രാജ്യത്തെ ഊര്‍ജസ്വലമാക്കാനും ഇലക്ട്രോണിക് മാധ്യമങ്ങള്‍ അവരുടെ ശബ്ദം ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

Tags: