ബംഗാള്‍ കേസില്‍ മമതയ്ക്ക് തിരിച്ചടി; അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രിംകോടതി

ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. കേസിലെ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് മമതാ സര്‍ക്കാരിനെതിരേയും പോലിസിനെതിരേയും സിബിഐ നല്‍കിയ ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്. പോലിസും സിബിഐയും സഹകരിച്ച് പ്രവര്‍ത്തിക്കണം.

Update: 2019-02-05 06:01 GMT

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സര്‍ക്കാരും സിബിഐയുമായുള്ള പോരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സുപ്രിംകോടതിയില്‍നിന്ന് തിരിച്ചടി. ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. കേസിലെ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് മമതാ സര്‍ക്കാരിനെതിരേയും പോലിസിനെതിരേയും സിബിഐ നല്‍കിയ ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്. പോലിസും സിബിഐയും സഹകരിച്ച് പ്രവര്‍ത്തിക്കണം.

കൊല്‍ക്കത്ത സിറ്റി പോലിസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ ഹാജരാവണം. ഷില്ലോങ്ങിലാണ് രാജീവ് കുമാര്‍ ഹാജരാവേണ്ടത്. എന്നാല്‍, രാജീവ് കുമാറിനെ അറസ്റ്റുചെയ്യരുതെന്ന് കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. ഫെബ്രുവരി 21ന് കേസ് വീണ്ടും പരിഗണിക്കും. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐയ്ക്ക് മുന്നോട്ടുപോവാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ബംഗാള്‍ പോലിസ് കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രിംകോടതി തള്ളി. എന്നാല്‍, കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നത് സുപ്രിംകോടതി അംഗീകരിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി, ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കൊല്‍ക്കത്ത സിറ്റി പോലിസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു.

സിബിഐ ഹരജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിഖ്‌വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത സിബിഐയ്ക്ക് വേണ്ടിയും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും ഹാജരായി. കോടതിയില്‍ നടന്ന വാദത്തില്‍ ബംഗാള്‍ സര്‍ക്കാരിന് നേരേ രൂക്ഷവിമര്‍ശനമാണ് സിബിഐ നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സായുധകലാപത്തിന് കോപ്പുകൂടുകയാണെന്ന് സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യത്തിന് സിബിഐ നോട്ടീസ് നല്‍കുന്നതെന്നും സിബിഐയെ നയിക്കുന്ന ജോയിന്റ് ഡയറക്ടറെ തന്നെ തടഞ്ഞുവയ്ക്കുന്നതടക്കമുള്ള ഭരണാഘടനലംഘനം ബംഗാളിലുണ്ടായെന്നും സിബിഐ സുപ്രിംകോടതിയെ അറിയിച്ചു.

Tags: