കോടതി ഗേറ്റ് താഴിട്ട് പൂട്ടി അഭിഭാഷകര്‍, ആത്മഹത്യാഭീഷണിയും; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം

കോടതിയിലെത്തുന്നവരെ തടഞ്ഞ് സാകേത് കോടതിയുടെ ഗേറ്റാണ് താഴിട്ടുപൂട്ടിയത്. അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്നു കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഇതോടെ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ച് നാട്ടുകാരും രംഗത്തെത്തി. ഇതെത്തുടര്‍ന്ന് നാട്ടുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

Update: 2019-11-06 07:52 GMT

ന്യൂഡല്‍ഹി: പോലിസ്- അഭിഭാഷക തര്‍ക്കത്തില്‍ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. അഞ്ചാംദിവസവും പ്രശ്‌നത്തിന് പരിഹാരം കാണാനാവാതെ തെരുവുയുദ്ധം തുടരുകയാണ്. പോലിസ്- അഭിഭാഷക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധസൂചകമായി അഭിഭാഷകര്‍ കോടതി ഗേറ്റ് അടച്ചുപൂട്ടിയതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കോടതിയിലെത്തുന്നവരെ തടഞ്ഞ് സാകേത് കോടതിയുടെ ഗേറ്റാണ് താഴിട്ടുപൂട്ടിയത്. അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്നു കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഇതോടെ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ച് നാട്ടുകാരും രംഗത്തെത്തി. ഇതെത്തുടര്‍ന്ന് നാട്ടുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

അതേസമയം, വിഷയത്തില്‍ പോലിസ് ഇടപെട്ടിട്ടില്ല. ബുധനാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയിലെ വിവിധ കോടതികളില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രോഹിണി കോടതിക്ക് പുറത്ത് ഒരു അഭിഭാഷകന്‍ മണ്ണെണ്ണയൊഴിച്ച് സ്വയംതീകൊളുത്താന്‍ ശ്രമിച്ചു. ആശിഷ് എന്ന അഭിഭാഷകനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്താന്‍ ശ്രമിച്ചത്. ഇയാളെ സഹപ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കുകയായിരുന്നു. ഡല്‍ഹി പോലിസിനെതിരേ രൂക്ഷമായ മുദ്രാവാക്യം വിളികളുമായാണ് അഭിഭാഷകര്‍ ബുധനാഴ്ച പ്രതിഷേധിച്ചത്. മാധ്യമങ്ങളെ ബഹിഷ്‌കരിക്കാനും ഇവര്‍ തീരുമാനമെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നും അഭിപ്രായപ്രകടനം നടത്തരുതെന്നുമാണ് അഭിഭാഷകരുടെ ആഹ്വാനം.

തീസ് ഹസാരി, സാകേത് കോടതികളില്‍ പോലിസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളാണ് രാജ്യതലസ്ഥാനത്ത് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം ഉടലെടുക്കാന്‍ കാരണം. പോലിസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റുചെയ്യണമെന്നും മതിയായ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞദിവസം ആയിരത്തിലധികം പോലിസുകാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. 11 മണിക്കൂറോളമാണ് പ്രതിഷേധം നീണ്ടുനിന്നത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിപോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ അഭിഭാഷകരെ അറസ്റ്റുചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്. 

Tags:    

Similar News