എയര്‍ ആംബുലന്‍സിനു കടുത്ത നിയന്ത്രണം; ലക്ഷദ്വീപില്‍ രോഗികളെയും വിടാതെ അഡ്മിനിസ്‌ട്രേറ്റര്‍

Update: 2021-05-26 15:18 GMT

കവരത്തി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ ഉത്തരവ്. എയര്‍ ആംബുലന്‍സ് സംവിധാനത്തിന് നേരത്തേയുണ്ടായിരുന്ന നിബന്ധനകളില്‍ മാറ്റം വരുത്തി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് പ്രഫുല്‍ ഖോഡ പട്ടേലിനു വേണ്ടി ആരോഗ്യവകുപ്പ് ഇക്കഴിഞ്ഞ 24ന് പുതിയ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം നാലംഗ സമിതി രോഗിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചാല്‍ കപ്പലില്‍ മാത്രമേ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കുകയുള്ളു.

ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സിനു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്‌

    ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എം കെ സൗദാബി ഒപ്പുവച്ച പുതിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്ററുടെ പിഎ, ഉപദേശകന്‍, ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പിഎ, മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്കെല്ലാം അയച്ചിട്ടുണ്ട്. ഉത്തരവ് നടപ്പായാല്‍ അടിയന്തര ചികില്‍സ ഉള്‍പ്പെടെ വൈകുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയര്‍ ആംബുലന്‍സ് വഴി വിദഗ്ധ ചികില്‍സക്കായി ദ്വീപില്‍ നിന്ന് കൊണ്ടുപോവേണ്ടത് പരിശോധിക്കാന്‍ നാലംഗ സമിതിയെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എം കെ സൗദാബി ഉള്‍പ്പെടുന്ന നാലംഗ സമിതിയുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയര്‍ ആംബുലന്‍സില്‍ മാറ്റാനാകു. ഇതിനു മുമ്പ് ലക്ഷദ്വീപ് മെഡിക്കല്‍ ഓഫിസറുടെ അനുമതിയുണ്ടെങ്കില്‍ തന്നെ എയര്‍ ആംബുലന്‍സ് അനുവദിക്കുമായിരുന്നു. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ രോഗികളെ പോലും വെറുതെ വിടാതെയാണ് ലക്ഷദ്വീപിനെ കൈയടക്കാന്‍ കേന്ദ്രം മുതിരുന്നതെന്ന ആക്ഷേപം ശക്തമാണ്. പുതിയ തീരുമാനം ദ്വീപിലെ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്കയിലാണ് ദ്വീപ് നിവാസികള്‍.


Tags:    

Similar News