കെഎസ്ആര്‍ടി സിയില്‍ വീണ്ടും പിരിച്ചുവിടല്‍ ; എം പാനല്‍ ഡ്രൈവര്‍മാരെയും ഒഴിവാക്കണമെന്ന് ഹൈക്കോടതി

ഹൈക്കോടതി ഉത്തരവ് നടപ്പിലാകുന്നതോടെ 1565 എം പാനല്‍ ഡ്രൈവര്‍മാരുടെ ജോലി പോകും.ഈ മാസം 30നകം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കണം. സര്‍വീസ് നിയമങ്ങളുടെ ലംഘനമാണ് ഇത്തരം നിയമനങ്ങളെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും.

Update: 2019-04-08 06:53 GMT

കൊച്ചി: എം പാനല്‍ കണ്ടക്ടര്‍മാര്‍ക്കു പിന്നാലെ കെഎസ്ആര്‍ടിസിയില്‍ വീണ്ടും പിരിച്ചുവിടല്‍.ഇപ്പോള്‍ സര്‍വീസിലുള്ള മുഴുവന്‍ എം പാനല്‍ ഡ്രൈവര്‍മാരെയും ഒഴിവാക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി ഉത്തരവോടെ 1565 എം പാനല്‍ ഡ്രൈവര്‍മാരുടെ ജോലി പോകും.2012 ആഗസ്റ്റ് 23 ന് നിലവില്‍ വന്ന പി എസ് സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ചേര്‍ത്തല സ്വദേശി ആര്‍ വേണുഗോപാല്‍ ഉള്‍പ്പെടെ നാലു പേര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ് ഉത്തരവ്. ഈ മാസം 30നകം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. സര്‍വീസ് നിയമങ്ങളുടെ ലംഘനമാണ് ഇത്തരം നിയമനങ്ങളെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കണ്ടക്ടര്‍മാരുടേതുപോലെ ഡ്രൈവര്‍മാരുടെയും പിഎസ് സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്നുണ്ട്.കെഎസ്ആര്‍ടിസിക്ക് ഡ്രൈവര്‍മാരെ ആവശ്യമുണ്ടെങ്കില്‍ അഡൈ്വസ് മെമ്മോ നല്‍കി റാങ്ക് ലിസ്റ്റില്‍ നിന്നു തന്നെ നിയമിക്കണമെന്നാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന നിര്‍ദേശം.ഒഴിവുകളില്‍ പി എസ് സി റാങ്ക് പട്ടികയില്‍ ഉള്ളവരെ നിയമിക്കണം. ഇവരെ നിയമിക്കാനുള്ള അഡൈ്വസ് മെമ്മോ ഉടന്‍ നല്‍കണം. ഈ മാസം 30നകം ഉത്തരവ് നടപ്പാക്കണം. ഇതിനു ശേഷം സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി റിപോര്‍ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. നേരത്തേ എംപാല്‍ കണ്ടക്ടര്‍മാരെയും ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു. അന്ന് 3,861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനെതിരെ എം പാനല്‍ കണ്ടക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.


Tags:    

Similar News