ബിജെപിയുടെ കുഴല്‍പ്പണക്കവര്‍ച്ച കേസ്:ഇ ഡി പ്രാഥമിക അന്വേഷണം തുടങ്ങി

അന്വേഷണത്തിന്റെ ഭാഗമായി പോലിസില്‍ നിന്നും ഇ ഡി എഫ് ഐ ആറിന്റെ വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം.കേസില്‍ പോലിസ് നേരത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിവരങ്ങളാണ് ഇ ഡി ശേഖരിച്ചിരിക്കുന്നത്.

Update: 2021-06-04 09:03 GMT

കൊച്ചി: ബിജെപയുടെ കുഴല്‍പ്പണക്കവര്‍ച്ചകേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.അന്വേഷണത്തിന്റെ ഭാഗമായി പോലിസില്‍ നിന്നും ഇ ഡി എഫ് ഐ ആറിന്റെ വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം.കേസില്‍ പോലിസ് നേരത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിവരങ്ങളാണ് ഇ ഡി ശേഖരിച്ചിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും പോലിസില്‍ നിന്നും ഇ ഡി ചോദിച്ചറിഞ്ഞു.

ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്ന കുഴല്‍പ്പണക്കേസില്‍ ഇ ഡി അന്വേഷണം നടത്താത്തതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.കേസില്‍ ഇഡി യുടെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ഇത് ഇന്ന് കോടതി പരിഗണിക്കുകയും ചെയ്തിരുന്നു.ഹരജിയില്‍ 10 ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ഇന്ന് ഇ ഡി ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഇ ഡി യുടെ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം അനിവാര്യമാണെന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചു എന്‍ഫോഴ്മെന്റിന് പരാതി നല്‍കി ഒരു മാസമായിട്ടും നടപടിയെടുക്കാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കള്ളപ്പണം അന്വേഷിക്കാന്‍ ചുമതലപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അന്വേഷണത്തിന് മടിക്കുന്നത് ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.

Tags: