ജാഗ്രത പുലര്‍ത്തി കേരളം; ആര്‍എസ്എസ്സിന്റെ കലാപനീക്കം പൊളിഞ്ഞു

Update: 2022-01-06 08:19 GMT

കോഴിക്കോട്: ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തില്‍ വര്‍ഗീയ കലാപം അഴിച്ചുവിടാനുള്ള ആര്‍എസ്എസ്സിന്റെ നീക്കം പൊളിഞ്ഞു. ബുധനാഴ്ച സംസ്ഥാനത്തെ 300 കേന്ദ്രങ്ങളില്‍ ആയുധമേന്തി പ്രകടനം നടത്താനായിരുന്നു ആര്‍എസ്എസ്സിന്റെ രഹസ്യ പദ്ധതി. ശാഖകളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന ദണ്ഡയും ആയുധങ്ങളും ഉള്‍പ്പെടെയുള്ളവ പ്രകടനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്താതെ പ്രവര്‍ത്തകരെ നേരിട്ട് വിവരമറിയിച്ച് പരിപാടിയിലേക്ക് എത്താനായിരുന്നു ആര്‍എസ്എസ് ആഹ്വാനം ചെയ്തത്. രഹസ്യമായി ആസൂത്രണം ചെയ്ത് മിന്നല്‍ പ്രകടനം നടത്തി കലാപം അഴിച്ചുവിടുകയായിരുന്നു ലക്ഷ്യമിട്ടത്.

എന്നാല്‍, സംസ്ഥാനത്തെ 142 കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് പ്രതിഷേധ പ്രകടനം നടത്തുമെന്നും അക്രമം അഴിച്ചുവിടാന്‍ നീക്കമുണ്ടെന്നുമുള്ള ഇന്റലിജന്‍സ് റിപോര്‍ട്ടും പുറത്തുവന്നതോടെ നേതൃത്വം വെട്ടിലായി. പദ്ധതി പാളിയതോടെ സ്ത്രീകളെയും കുട്ടികളെയുമെല്ലാം ഉള്‍പ്പെടുത്തിയാണ് പ്രകടനത്തിന് ആളെയെത്തിച്ചത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രകടനമെന്നാണ് തീരുമാനിച്ചിരുന്നത്. ആര്‍എസ്എസ് സംഘടനാ തലത്തില്‍ കേരളത്തില്‍ 280 മണ്ഡലങ്ങളാണുള്ളത്. ഇതനുസരിച്ചാണ് 300 ഓളം കേന്ദ്രങ്ങളില്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചത്.

എന്നാല്‍, നൂറിലേറെ സ്ഥലങ്ങളില്‍ മാത്രമാണ് നടത്തിയത്. അതുതന്നെ ഒരേ സമയം നടത്താമെന്നതും നടന്നില്ല. പലയിടത്തും മണ്ഡലം മാറി പ്രകടനത്തില്‍ പങ്കെടുക്കാന്‍ ബസ്സുകളില്‍ ആളുകളെ എത്തിക്കുകയാണുണ്ടായത്. തലശ്ശേരി, ചാവക്കാട് കൊലവിളിയിലും ഷാന്‍ വധത്തോടെയും കേരളീയ സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയ സംഘപരിവാരം അണികളെ ആവേശത്തിലാഴ്ത്താന്‍ വേണ്ടിയാണ് കലാപത്തോടെയുള്ള മിന്നല്‍ പ്രകടനം ആസൂത്രണം ചെയ്തത്. എന്നാല്‍, കേരളം ജാഗ്രതയിലാണെന്ന് തിരിച്ചറിഞ്ഞതോടെ അണികളില്‍ പലരും ഉള്‍വലിഞ്ഞത് സംഘപരിവാര നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

കലാപനീക്കം ഇന്റലിജന്‍സിന് ലഭിച്ചതോടെ ആഭ്യന്തരവകുപ്പിന് റിപോര്‍ട്ട് നല്‍കി. പോലിസ് ജാഗ്രത ശക്തമാക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ പോലിസ് മേധാവി ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രകടനം പൂര്‍ണമായും വീഡിയോയില്‍ റെക്കോഡ് ചെയ്യാന്‍ തീരുമാനിച്ചു. പ്രവര്‍ത്തകര്‍ വരുന്ന വാഹനം നിരീക്ഷിക്കാനും നിര്‍ദേശിച്ചു. നിയമം ലംഘിച്ചാല്‍ മതസ്പര്‍ധ വളര്‍ത്തല്‍ അടക്കമുള്ള കേസെടുക്കാനും നിര്‍ദേശം നല്‍കി. കര്‍ശനമായി നേരിടുമെന്ന് നേതാക്കളെ പോലിസ് അറിയിച്ചു. ദൃശ്യമാധ്യമം, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പോലിസിന്റെ ജാഗ്രതാ നിര്‍ദേശവും പുറത്തുവന്നു. കേരളത്തിലെ ജനങ്ങളും ഒറ്റക്കെട്ടായി ആര്‍എസ്എസ്സിന്റെ കലാപശ്രമങ്ങള്‍ക്കെതിരേ ജാഗരൂകരായി. അതോടെ ആര്‍എസ്എസ്സിന്റെ ബാനറല്‍ നടത്താനിരുന്ന സ്വാഭിമാന്‍ റാലി ഹിന്ദു ഐക്യവേദിയുടെ പേരിലാക്കി.

സംഘപരിവാര്‍ പ്രവര്‍ത്തകരെയും അനുയായികളെയും പങ്കെടുപ്പിച്ചിട്ടുപോലും പ്രഖ്യാപിച്ചതിന്റെ പകുതി സ്ഥലത്ത് പോലും പരിപാടി നടത്താന്‍ കഴിയാതിരുന്നത് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പരിപാടിയില്‍ പൊതുവെ പ്രവര്‍ത്തകരുടെ പങ്കാളിത്തവും ശുഷ്‌കമായിരുന്നു. സംസ്ഥാന വ്യാപകമായി നടന്ന പരിപാടിയില്‍ പ്രമുഖ നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധേയമായി. ആര്‍എസ്എസ്സിന്റെ സംസ്ഥാന, ജില്ലാ നേതാക്കന്‍മാര്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് വല്‍സന്‍ തില്ലങ്കേരി മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് നടന്ന ഒരു പ്രകടനത്തിലും ആയുധമേന്തിയില്ലെന്ന് മാത്രമല്ല, പ്രകോപനപരമായ മുദ്രാവാക്യം പോലും വിളിച്ചിരുന്നില്ല. പ്രവര്‍ത്തകര്‍ എഴുതി തയ്യാറാക്കിയ മുദ്രാവാക്യമാണ് മുഴക്കിയത്. തലശ്ശേരിയില്‍ അടക്കം മുസ്‌ലിം സമുദായത്തെ വംശഹത്യ ചെയ്യുമെന്ന തരത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിച്ച ആര്‍എസ്എസ്സിനെ കേരളം ഒന്നടങ്കം ഒറ്റപ്പെടുത്തിയിരുന്നു.

ബാങ്ക് വിളിക്കാന്‍ പള്ളികളും തൊപ്പി വയ്ക്കാന്‍ തലകളുമുണ്ടാവില്ലെന്നായിരുന്നു തലശ്ശേരിയില്‍ ആര്‍എസ്എസ്സിന്റെ ഭീഷണി. ഇത് കേരളത്തില്‍ വിലപ്പോവില്ലെന്ന് വ്യക്തമായതോടെയാണ് പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്ന് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ചിലയിടങ്ങളില്‍ മാത്രം നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് കുറ്റിയാടി, ആലുവ മുപ്പത്തടം, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചെറിയ സംഘര്‍ഷമുണ്ടായത്. പോപുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും ചാരി കേരളം മുഴുവന്‍ ഉത്തരേന്ത്യന്‍ മോഡലില്‍ വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടിയ ആര്‍എസ്എസ് പേരിന് മാത്രം പ്രകടനം നടത്തി തടിതപ്പുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

Tags: