പോലിസ് കായികക്ഷമതാ പരീക്ഷയില്‍ ആള്‍മാറാട്ടം; തട്ടിപ്പ് നടത്തിയ യുവാവ് മതില്‍ചാടി രക്ഷപ്പെട്ടു

കരുനാഗപ്പള്ളി സ്വദേശി ശരത്താണ് കായികക്ഷമതാ പരീക്ഷയ്ക്ക് മറ്റൊരാളെ അയച്ചത്. ആളുമാറിയെത്തിയ യുവാവ് ശരത്തിന് വേണ്ടി 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തു. എന്നാല്‍, തട്ടിപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതോടെ ആളുമാറിയെത്തിയ യുവാവ് മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു.

Update: 2019-04-29 12:04 GMT

ആലപ്പുഴ: പിഎസ്‌സിയുടെ സിവില്‍ പോലിസ് ഓഫിസര്‍ കായികക്ഷമതാ പരീക്ഷയില്‍ ആള്‍മാറാട്ടം. ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസ്സില്‍ നടന്ന കായികക്ഷമതാ പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. കരുനാഗപ്പള്ളി സ്വദേശി ശരത്താണ് കായികക്ഷമതാ പരീക്ഷയ്ക്ക് മറ്റൊരാളെ അയച്ചത്. ആളുമാറിയെത്തിയ യുവാവ് ശരത്തിന് വേണ്ടി 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തു. എന്നാല്‍, തട്ടിപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതോടെ ആളുമാറിയെത്തിയ യുവാവ് മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ യുവാവിനെ വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടത്.

പരീക്ഷയ്ക്ക് മുമ്പായി ശരത്ത് യഥാര്‍ഥ രേഖകളുമായി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാവുകയും ശേഷം കായികക്ഷമതാ പരീക്ഷയില്‍ തന്നേക്കാള്‍ മികവ് പുലര്‍ത്തുന്ന മറ്റൊരാളെ എത്തിക്കുകയുമായിരുന്നു. ഇതിനുശേഷം ശരത്ത് കായിക്ഷമതാ പരീക്ഷ നടക്കുന്ന സ്ഥലത്തുനിന്ന് മാറിയിരുന്നു. ഇതിനിടയില്‍ പകരക്കാരന്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുകയും കൃത്യസമയത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്തു. ലോങ് ജംപിനായി ഇയാളെ വിളിച്ചസമയത്ത് മുഖഛായ തിരച്ചറിയല്‍ രേഖയിലെ ഫോട്ടോയുമായി സാമ്യപ്പെടുന്നില്ലെന്ന് പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി.

തുടര്‍ന്ന് ശരത്ത് യഥാര്‍ഥ രേഖകളുമായി ഹാജരാവണമെന്ന് ഉദ്യോഗസ്ഥര്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. അപ്പോഴേക്കും ഇയാള്‍ സ്‌കൂളിന്റെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. നടന്നത് ആള്‍മാറാട്ടമാണെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥര്‍ ശരത്തിനെതിരേ പിഎസ്‌സിക്ക് വിവരങ്ങള്‍ കൈമാറി. പോലിസിലും വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരത്തെ പിഎസ്‌സി ഓഫിസുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന്് പരീക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Tags:    

Similar News