പൗരത്വ ഭേദഗതി നിയമം; റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ പ്രതിഷേധമുയര്‍ത്തി മന്ത്രിമാര്‍

മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ തൃശൂരില്‍ പറഞ്ഞു. മതേതര മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് മന്ത്രി എം എം മണി ഇടുക്കിയിലെ റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു.

Update: 2020-01-26 07:09 GMT

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ പ്രതിഷേധമുയര്‍ത്തി മന്ത്രിമാര്‍. കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന മന്ത്രിമാര്‍ നടത്തിയത്. ഭരണഘടനയുടെ ബലത്തിലാണ് കഴിഞ്ഞ 71 വര്‍ഷമായി നാം ജീവിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു. എല്ലാ പദവികളിലിരിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഒരേ ഭരണഘടനയാണുള്ളതെന്നും ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ തൃശൂരില്‍ പറഞ്ഞു. മതേതര മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് മന്ത്രി എം എം മണി ഇടുക്കിയിലെ റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു. ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത നിയമങ്ങള്‍ കേന്ദ്രം പാസാക്കുന്നുവെന്നും അത് നാടിനു തന്നെ ദോഷമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടന വ്യവസ്ഥ വെല്ലുവിളി നേരിടുന്നുവെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു. രാജ്യത്തെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വിശദമാക്കി. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ പാലക്കാട് പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിപ്പബ്ലിക് ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. ലത്തീന്‍ കത്തോലിക്ക സഭയുടെ പള്ളികളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇടയലേഖനം വായിച്ചു. വഖഫ് ബോര്‍ഡിന് കീഴിലുള്ള പള്ളികളില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് ഭരണഘടനാ സംരക്ഷണ ദിനമായും ആചരിച്ചു.

Tags:    

Similar News