മഴക്കെടുതി: മരണസംഖ്യ 32 ആയി; ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്ന് മാത്രം 22 മരണം(വീഡിയോ)

വടകര വിലങ്ങാട് ഉരുള്‍പൊട്ടലില്‍ നാലുപേരെയും കുറ്റിയാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെയും കാണാതായി. വിലങ്ങാട് മൂന്നുവീടുകള്‍ മണ്ണിനടിയിലായി. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തമായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കോട്ടയം, മലപ്പുറം എന്നീ ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.

Update: 2019-08-09 10:23 GMT

കോട്ടയം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ പലയിടത്തും കെടുതികള്‍ വര്‍ധിക്കുന്നു. മഴക്കെടുതിയില്‍ ഇതുവരെ 22 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. വടകര വിലങ്ങാട് ഉരുള്‍പൊട്ടലില്‍ നാലുപേരെയും കുറ്റിയാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെയും കാണാതായി. വിലങ്ങാട് മൂന്നുവീടുകള്‍ മണ്ണിനടിയിലായി. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തമായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കോട്ടയം, മലപ്പുറം എന്നീ ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വടക്കന്‍ കേരളത്തിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ തുടരുകയാണ്.Full View

കനത്തമഴ തുടരുന്ന തൃശൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. വിയ്യൂര്‍ കെഎസ്ഇബി ഓഫിസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിജു ആണ് മരിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി പോകവെ പുന്നയൂര്‍ക്കുളത്ത് ബിജു സഞ്ചരിച്ചിരുന്ന തോണി മറിഞ്ഞായിരുന്നു അപകടം. തലയോലപ്പറമ്പ് യുപി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ വീണ മരം മുറിച്ചുനീക്കുന്നതിനിടെ കടുത്തുരുത്തി ഫയര്‍ ജീവനക്കാരന്‍ താഴെ വീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് കണ്ണാടിക്കല്‍ വെള്ളത്തില്‍വീണ് ഒരാള്‍ മരിച്ചു. ശ്രീകണ്ഠപുരത്ത് കനശത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇരുനില കെട്ടിടങ്ങള്‍ വരെ മുങ്ങി. പെരുമഴയ്ക്കിടെ പാലക്കാട് ഭൂചലനമുണ്ടായതായും റിപോര്‍ട്ടുണ്ട്.

കക്കയം ഡാം മൂന്നടി വരെ ഉയര്‍ത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് ഉയരന്നതിനാല്‍ പെരിയാര്‍, മൂവാറ്റുപുഴയാര്‍ തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മേപ്പാടിയില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീട് തകര്‍ന്ന് നാലുപേര്‍ മരിച്ചു. കുണ്ടുതോട് സ്വദേശി ഉനൈസ്, സന, നുസ്രത്ത്, ശനില്‍ എന്നിവരാണ് മരിച്ചത്. കുറ്റിയാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മാക്കൂര്‍, മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. മേപ്പാടി ചൂരല്‍മല പുത്തുമലയില്‍ ആറിടത്ത് ഉരുള്‍പൊട്ടലുണ്ടായി. എസ്‌റ്റേറ്റ് ക്വാര്‍ട്ടേഴ്‌സും കാന്റീനും മണ്ണിനടയിലാണ്.

പാലായും കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയില്‍. മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, മണിമലയാര്‍ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുന്നു. കോട്ടയം- കുമളി റോഡില്‍ മുണ്ടക്കയംവരെ മാത്രമാണ് വാഹന ഗതാഗതം. കോഴിക്കോട് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ശക്തമായ കാറ്റില്‍ കൊയിലാണ്ടി ഹാര്‍ബറില്‍ വ്യാപകനാശനഷ്ടമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു. ട്രാക്കുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നും മണ്ണിടിച്ചതിനെത്തുടര്‍ന്നും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

കോഴിക്കോടുനിന്ന് ആലപ്പുവ വഴിയുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. മഴയ്ക്ക് ശമനമുണ്ടായെങ്കില്‍ മാത്രമേ സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ സാധ്യതയുള്ളൂ. സംസ്ഥാനത്ത് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെ ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ഏഴു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വരുംദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

Tags: