കാസര്‍കോഡ് ഇരട്ടക്കൊല: രണ്ടു പേര്‍ കസ്റ്റഡിയില്‍

ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചുവെന്നും പൊലിസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ കര്‍ണാടക പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്. കര്‍ണാടക പൂര്‍ണസഹായം വാഗ്ദാനം ചെയ്തതായി പൊലിസ് അറിയിച്ചു.

Update: 2019-02-18 10:22 GMT

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അരുംകൊല ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലിസ് അറിയിച്ചു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചുവെന്നും പൊലിസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ കര്‍ണാടക പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്. കര്‍ണാടക പൂര്‍ണസഹായം വാഗ്ദാനം ചെയ്തതായി പൊലിസ് അറിയിച്ചു.

കൊല്ലപ്പെട്ട കൃപേഷിന്റെ പരാതിയില്‍ നേരത്തെ ബേക്കല്‍ പൊലിസ് കേസ് എടുത്തിരുന്നു എന്നും പൊലിസ് പറഞ്ഞു. തനിക്ക് ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും വധഭീഷണി ഉണ്ടെന്നായിരുന്നുവെന്നായിരുന്നു കൃപേഷിന്റെ പരാതി. കാസര്‍കോട്ടേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നുമാണ് പൊലിസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്.

സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്‌ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

കൊടുവാള്‍ പോലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണമെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരത് ലാലിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണ് കാലുകളില്‍.

കൃപേഷിന്റെ നെറ്റിയുടെ തൊട്ടുമുകളില്‍ മൂര്‍ധാവിലാണ് ആഴത്തിലുള്ള വെട്ടേറ്റിരിക്കുന്നത്. 11 സെന്റീമീറ്റര്‍ നീളത്തിലും രണ്ട് സെന്റീമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകര്‍ന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോരുന്നതിനിടെയായിരുന്നു ശരത് ലാലിന്റെ മരണം.

Tags:    

Similar News