കര്‍ഷക പ്രക്ഷോഭം ദക്ഷിണേന്ത്യയിലും ശക്തിപ്പെടുന്നു; ബംഗളൂരുവില്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കും

''ഒന്നിച്ചുള്ള പോരാട്ടം'' എന്ന ആശയത്തിന് കീഴില്‍ അമ്പതോളം കര്‍ഷക സംഘടനകളാണ് കര്‍ണാടകയില്‍ രംഗത്ത് വന്നിരിക്കുന്നത്. കര്‍ഷകര്‍ ദേശീയതലത്തില്‍ 'ചക്ക ജാമിന്' ആഹ്വാനം നല്‍കിയ ഫെബ്രുവരി ആറാം തീയതി കര്‍ണാടകയിലെ ഹൈവേകള്‍, ഈ സംഘടനകളുടെ കീഴില്‍ പൂര്‍ണ്ണമായും നിശ്ചലമായിരുന്നു.

Update: 2021-02-11 07:22 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും ആഴ്ച്ചകളായി തുടരുന്ന കര്‍ഷക പ്രക്ഷോഭം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തിപ്പെടുന്നു. കര്‍ണാടകയിലെ കര്‍ഷകരുടെ നേതൃത്വത്തിലാണ് സമരം ശക്തമാക്കുന്നത്.

''ഒന്നിച്ചുള്ള പോരാട്ടം'' എന്ന ആശയത്തിന് കീഴില്‍ അമ്പതോളം കര്‍ഷക സംഘടനകളാണ് കര്‍ണാടകയില്‍ രംഗത്ത് വന്നിരിക്കുന്നത്. കര്‍ഷകര്‍ ദേശീയതലത്തില്‍ 'ചക്ക ജാമിന്' ആഹ്വാനം നല്‍കിയ ഫെബ്രുവരി ആറാം തീയതി കര്‍ണാടകയിലെ ഹൈവേകള്‍, ഈ സംഘടനകളുടെ കീഴില്‍ പൂര്‍ണ്ണമായും നിശ്ചലമായിരുന്നു.

ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്തിനെ മുന്‍നിര്‍ത്തി സമരപരിപാടികള്‍ക്ക് തുടക്കമിടാന്‍ കര്‍ണാടകയിലെ കര്‍ഷക സംഘടനകള്‍ക്കിടയില്‍ നീക്കം തുടങ്ങി. ബംഗളൂരുവില്‍ നടക്കാനിരിക്കുന്ന കൂറ്റന്‍ റാലിയിലേക്ക് ടിക്കായത്തിനെ ക്ഷണിക്കുവാനുള്ള ശ്രമം ആരംഭിച്ചുവെന്ന് കര്‍ണാടക ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആന്‍ഡ് ഗ്രീന്‍ ആര്‍മി അധ്യക്ഷന്‍ നാഗേന്ദ്ര പറഞ്ഞു.

''ദക്ഷിണേന്ത്യയിലെ മുഴുവന്‍ കര്‍ഷകരെയും ഈ സമരത്തിലേക്ക് ഒന്നിച്ചുകൂട്ടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളും, അതുപോലെത്തന്നെ കര്‍ഷക സമൂഹം നേരിടുന്ന മറ്റ് പ്രതിസന്ധികളും പരിഹരിക്കപ്പെടേണ്ടതുണ്ട്. '' നാഗേന്ദ്ര പറഞ്ഞു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെതിരെ കൂടിയുള്ളത് തങ്ങളുടെ റാലി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍ നേരിട്ട പതിമൂന്ന് വരള്‍ച്ചയും, രണ്ട് വെള്ളപ്പൊക്കവും കനത്ത വെല്ലുവിളികളാണ് കര്‍ണാടകയിലെ കാര്‍ഷിക മേഖലക്ക് നല്‍കിയത്. ഇതിനെ മുന്‍നിര്‍ത്തി രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

Tags:    

Similar News