കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ചോദ്യം ചെയ്യലിനായി അര്‍ജ്ജുന്‍ ആയങ്കി ഹാജരായി

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലാണ് ഇന്ന് രാവിലെ അഭിഭാഷകര്‍ക്കൊപ്പം അര്‍ജ്ജുന്‍ ആയങ്കി ഹാജരായിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അര്‍ജ്ജുന്‍ ആയങ്കിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു

Update: 2021-06-28 05:47 GMT

കൊച്ചി: കരിപ്പൂര്‍ രാമനാട്ടു കര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അര്‍ജ്ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫിസില്‍ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലാണ് ഇന്ന് രാവിലെ അഭിഭാഷകര്‍ക്കൊപ്പം അര്‍ജ്ജുന്‍ ആയങ്കി ഹാജരായിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അര്‍ജ്ജുന്‍ ആയങ്കിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.ഇയാളുടെ വീട്ടിലെത്തി കസ്റ്റംസ് നോട്ടീസ് പതിപ്പിക്കുകയായിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് അര്‍ജ്ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനായി രണ്ട് അഭിഭാഷകര്‍ക്കൊപ്പം ഹാജരായിരിക്കുന്നത്.

ഹാജരായ അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചതായാണ് വിവരം.മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഇയാളെ അറസ്റ്റു ചെയ്യുന്നതടക്കമുള്ള കാര്യത്തില്‍ കസ്റ്റംസ് തീരുമാനിക്കുകയുള്ളുവെന്നാണ് സുചന.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ഷെഫീഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അര്‍ജ്ജുന്‍ ആയങ്കിയെ ചോദ്യം ചെയ്തതിനു ശേഷം മുഹമ്മദ് ഷെഫീഖിനെ കസ്റ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്ക് ഇരുവരെയും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യുമെന്നാണ് വിവരം.മുഹമ്മദ് ഷെഫീഖ് അറസ്റ്റിലായതിനെ തുടര്‍ന്ന ഇയാള്‍ ഒളിവിലായിരുന്നു. അതിനാല്‍ തന്നെ ഇയാള്‍ ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകുമോയെന്ന് കസ്റ്റംസിന് സംശയമുണ്ടായിരുന്നു.ഇതിനിടയിലാണ് അര്‍ജ്ജിന്‍ ആയങ്കിയുടെ ഹാജരാകല്‍.സ്വര്‍ണ്ണക്കടത്തില്‍ അര്‍ജ്ജുന്‍ ആയങ്കിയുടെ പങ്ക് സംബന്ധിച്ചും സ്വര്‍ണ്ണക്കടത്തിനു പിന്നിലുള്ള മറ്റുള്ളവര്‍ ആരൊക്കെയന്നത് സംബന്ധിച്ചാണ് കസ്റ്റംസ് പ്രധാനമായും ഇയാളില്‍ നിന്നും ചോദിച്ചറിയുകയെന്നാണ് വിവരം.

Tags:    

Similar News